മോക്ക് ഡ്രില്ലിന് പുറമെ പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ വമ്പന്‍ യുദ്ധാഭ്യാസവും

ന്യൂഡല്‍ഹി: ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുദ്ധാഭ്യാസ സമയത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസമെന്നത് ശ്രദ്ധേയമാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് സംഘര്‍ഷം വര്‍ധിച്ചുവരികയാണ്. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുന്നത്. 1971-ലാണ് അവസാനമായി മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായിരുന്നു.
രാജ്യമെമ്പാടുമുള്ള സിവില്‍ ഡിഫന്‍സ് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മോക്ക് ഡ്രില്‍ നടത്തുക. 300 കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയാണ് സിവില്‍ ഡിഫന്‍സ് ജില്ലകളായി വിശേഷിപ്പിക്കുന്നത്. ആണവനിലയങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ക്രൂഡ് ഓയില്‍ സംഭരണകേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ സാമ്പത്തിക- പൊതു നിര്‍മിതികളുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഉള്ള സ്ഥലങ്ങളാണ് സിവില്‍ ഡിഫന്‍സ് ജില്ലകള്‍.
Content Highlights: Indian Air Force conducts major war games near the India-Pakistan border amid rising tensions