പറന്നുയര്‍ന്ന് രാജ്യം; ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇപ്പോള്‍ ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. വിമാന റൂട്ടുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന ടയര്‍ 2, 3 നഗരങ്ങള്‍ക്ക് ഗുണം ചെയ്തുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

'ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. 2014 ഏപ്രിലില്‍ രാജ്യത്ത് 209 എയര്‍ലൈന്‍ സെക്ടറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024 ഏപ്രില്‍ ആയപ്പോള്‍ അത് 605 ആയി വര്‍ധിച്ചു. വിമാന റൂട്ടുകളിലെ ഈ വര്‍ധനവ് ടയര്‍ 2, 3 നഗരങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്തു.' -രാഷ്ട്രപതി പറഞ്ഞു. 

വിമാനയാത്രയോടുള്ള പ്രിയം വര്‍ധിക്കുകയാണ്. അതനുസരിച്ച് കൂടുതല്‍ ആളുകളെ കൊണ്ടുപോകാന്‍ പാകത്തില്‍ വിമാനക്കമ്പനികള്‍ തങ്ങളുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണവും ആവശ്യകതയ്ക്കനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്.

2024 ജനുവരി മുതല്‍ മേയ് വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി 661.42 ലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 636.07 ലക്ഷം പേരായിരുന്നു യാത്ര ചെയ്തത്. ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യയിലെ പൊതുഗതാഗതസംവിധാനം ലോകത്തെ ഏറ്റവും മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. 

Content Highlights: India now world's 3rd largest domestic aviation market says president Droupadi Murmu