ചൈന തുടങ്ങി; ആർട്ടിക്ക് കടൽപാതയിൽ ചരക്ക് നീക്കത്തിന് ഇന്ത്യയും; സൂയസ് അടഞ്ഞാലും പേടിക്കണ്ട

#ന്യൂസ് ഡെസ്ക്
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സൂയസ് കനാലിന് പകരമായി ആർട്ടിക് മേഖലയിലൂടെയുള്ള കടൽപ്പാത (Northern Sea Route - NSR) പ്രയോജനപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അടുത്ത വർഷം ഈ പാതയിലൂടെ ആദ്യത്തെ ചരക്ക് കപ്പൽ റഷ്യയിലേക്ക് അയക്കാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. റഷ്യയിലെ അർഖാൻഗെൽസ്‌ക് പ്രവിശ്യാ അധികൃതർ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. വടക്കൻ കടൽപ്പാത ഉപയോഗിക്കുന്നതിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് യാത്രാ ദൂരത്തിൽ 40 ശതമാനത്തോളം കുറവുണ്ടാകും. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് വടക്കൻ, കിഴക്കൻ യൂറോപ്പിലേക്കുള്ള യാത്രയിൽ ഏകദേശം രണ്ടാഴ്ച ലാഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം സൂയസ് കനാൽ വഴിയുള്ള ഗതാഗതത്തിന് തടസ്സങ്ങൾ നേരിടുന്നുണ്ട്. ഹൂത്തികളുടെ ആക്രമണ ഭീഷണിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ആർട്ടിക് പാത ഇന്ത്യയ്ക്ക് സുരക്ഷിതവും വേഗമേറിയതുമായ ഒരു ബദലായി മാറും. മഞ്ഞുപാളികൾ ഉരുകുന്നത് മൂലം ആർട്ടിക് പാതയിലൂടെയുള്ള കപ്പൽ സഞ്ചാര സമയം കുറയുന്നത്‌ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ചൈനയും ഇന്ത്യയും ഈ പാതയിൽ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൈഡ്രോകാർബണുകൾ, ദ്രവീകൃത പ്രകൃതിവാതകം, നിക്കൽ, ചെമ്പ്, പ്ലാറ്റിനം തുടങ്ങിയ വിലപ്പെട്ട പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് റഷ്യയുടെ ആർട്ടിക് മേഖല. സഹകരണം ഇന്ത്യയ്ക്ക് കൂടുതൽ അവസരങ്ങളും തുറന്നുനൽകും. കപ്പൽ നിർമ്മാണം, തുറമുഖ സൗകര്യങ്ങളുടെ വികസനം, അർഖാൻഗെൽസ്‌ക് മേഖലയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ കപ്പൽ ഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എസ്. വെങ്കടേശപതി അടുത്തിടെ നടന്ന ആർട്ടിക് ഫോറത്തിൽ പങ്കെടുത്തിരുന്നു. ചെന്നൈ-വ്‌ലാഡിവോസ്റ്റോക് സമുദ്ര ഇടനാഴി വഴിയുള്ള വ്യാപാരത്തിൽ ഉണ്ടായ 70 ശതമാനം വർദ്ധനവ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ്.

അതേസമയം ഇന്ത്യയേക്കാൾ ഒരുപടി മുന്നേ ചൈന ഈ റൂട്ട് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ചൈനീസ് കപ്പൽ കമ്പനിയായ സീ ലെജൻഡ് ഓഗസ്റ്റ് 15 മുതൽ ചൈന-യൂറോപ്പ് ആർട്ടിക് എക്‌സ്പ്രസ് എന്ന പേരിൽ പുതിയ പ്രതിവാര ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുകയും ചെയ്തു. ഐസ് സിൽക്ക് റോഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പാത കിഴക്കൻ ചൈനയിലെ നിങ്‌ബോ-സൗഷാനെ യുകെയിലെ ഫെലിക്‌സ്റ്റോവുമായി ബന്ധിപ്പിക്കുന്നതാണ്.

സൂയസ് കനാൽ വഴിയുള്ള യാത്രയ്ക്ക് സാധാരണയായി 40 ദിവസത്തിലധികം വേണ്ടിവരുമ്പോൾ, ആർട്ടിക് പാതയിലൂടെ വെറും 18 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയ്ക്കു പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഈ മാർഗം ഉപയോഗിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ ഉണ്ടെങ്കിലും നിരവധി വെല്ലുവിളികൾ ഈ പാത നേരിടുന്നുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ മാത്രമേ ഈ പാത പൂർണ്ണമായും ഉപയോഗിക്കാൻ കഴിയൂ എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. മാത്രമല്ല ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് ഇൻഷുറൻസ് നിരക്ക് സാധാരണയേക്കാൾ 40% വരെ കൂടുതലാണ്. റഷ്യൻ പൊതുമേഖലാ സ്ഥാപനമായ റോസാറ്റം ആണ് പാതയുടെ നിയന്ത്രണവും മഞ്ഞുപാളികൾ നീക്കം ചെയ്യുന്നതിനുള്ള ഐസ് ബ്രേക്കർ സൗകര്യങ്ങളും നൽകുന്നത്. അതിനും വലിയ പണച്ചെലവുണ്ടാക്കും.

അതേസമയം ആർട്ടിക് മേഖലയിൽ എണ്ണച്ചോർച്ചയുണ്ടായാൽ അത് പരിഹരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ അപകടസമയങ്ങളിലെ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഇൻഷുറൻസ് കമ്പനികൾ പങ്കുവെക്കുന്നുണ്ട്.

Content Highlights: India plans to send its first cargo ship through the Northern Sea Route (NSR) next year., The route reduces travel distance by 40% and saves about two weeks compared to the Suez Canal., West Asian conflicts make the Arctic route a safer and faster alternative., Russian Arctic region offers valuable resources like hydrocarbons, LNG, nickel, and copper., Bilateral cooperation includes shipbuilding, port development, and manufacturing hubs in Arkhangelsk.