വളംക്ഷാമത്തിൽ തുണയായി ഇന്ത്യ; പക്ഷേ ലിപുലേഖിൽ വിട്ടുവീഴ്ചയില്ലെന്ന് നേപ്പാൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ന്യൂഡൽഹി: ആഗോള വിപണിയിൽ വളത്തിന് വൻ വിലവർദ്ധനവ് തുടരുമ്പോഴും അയൽരാജ്യമായ നേപ്പാളിന് കുറഞ്ഞ നിരക്കിൽ വളം നൽകാൻ ഇന്ത്യ തീരുമാനിച്ചു. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് വളം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ഇരട്ടി തുക ചെലവഴിക്കുമ്പോഴാണ് നേപ്പാളിന് കുറഞ്ഞ വിലയ്ക്ക് ഇത് നൽകുന്നത്. പടിഞ്ഞാറൻ തീരങ്ങളിൽ ടണ്ണിന് 935 ഡോളറും കിഴക്കൻ തീരങ്ങളിൽ 959 ഡോളറും നൽകി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യൂറിയയാണ് നേപ്പാളിന് ആശ്വാസവിലയിൽ ലഭിക്കുന്നത്. 2022-ലെ ധാരണാപത്രം അനുസരിച്ച് നേപ്പാളിന് ആവശ്യമായ വളത്തിന്റെ 30 ശതമാനവും ഉറപ്പാക്കാൻ ഇന്ത്യ ബാധ്യസ്ഥരാണ്. സ്വന്തം സാമ്പത്തിക ഭാരം വർദ്ധിച്ചിട്ടും നേപ്പാളിലെ കർഷകരെ സഹായിക്കാനാണ് ഇന്ത്യൻ തീരുമാനം.

കൃഷിക്കാലം ആരംഭിക്കാനിരിക്കെ നേപ്പാളിലുണ്ടായ വളംക്ഷാമം പരിഹരിക്കാനാണ് ഈ നീക്കം. നേപ്പാളിന് 2,50,000 ടൺ വളം ആവശ്യമാണെങ്കിലും നിലവിൽ 1,71,000 ടൺ മാത്രമേ സ്റ്റോക്കുള്ളൂ. ഈ സാഹചര്യം പരിഗണിച്ച് ഇന്ത്യയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ നിന്ന് ജിടുജി കരാർ വഴി 80,000 ടൺ വളം വാങ്ങാൻ പ്രധാനമന്ത്രി ബാലൻ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാർ അനുമതി നൽകി. ആഗോള വിപണിയിലെ വിലക്കയറ്റം കാരണം സ്വകാര്യ ടെൻഡറുകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം അവർക്ക് തുണയായത്.

എന്നാൽ ഈ സഹായങ്ങൾക്കിടയിലും അതിർത്തി വിഷയത്തിൽ നേപ്പാൾ നിലപാട് കടുപ്പിക്കുന്നത് ഇന്ത്യയെ അതൃപ്തരാക്കുന്നു. കൈലാസ് മാനസസരോവർ യാത്രയ്ക്കായി തീർത്ഥാടകർ ഉപയോഗിക്കുന്ന ലിപുലേഖ് ചുരം തങ്ങളുടേതാണെന്ന് നേപ്പാൾ അവകാശവാദം ഉന്നയിച്ചതാണ് നയതന്ത്രബന്ധം വഷളാക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഈ പാതയിലൂടെ തീർത്ഥാടനം പുനരാരംഭിച്ചതിനെതിരെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് നേപ്പാൾ അയച്ച കത്തിൽ ആവർത്തിച്ചു.

നേപ്പാളിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ലിപുലേഖ് ചുരം 1954 മുതൽ ഇന്ത്യയുടെ കൈവശമുള്ളതും തീർത്ഥാടനത്തിന് ഉപയോഗിക്കുന്നതുമായ പാതയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണകാലം മുതൽ ഈ പ്രദേശം ഇന്ത്യയുടെ ഭരണത്തിൻ കീഴിലാണെന്നും നേപ്പാളിന്റെ ഏകപക്ഷീയമായ അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യ അറിയിച്ചു. ചരിത്രപരമായ വസ്തുതകളുടെ പിൻബലമില്ലാത്ത ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Content Highlights: India agrees to supply subsidized fertilizer to Nepal despite rising global costs and ongoing diplomatic friction over the Lipulekh Pass.