ആധുനികമാകാന്‍ ഇന്ത്യ; വരുന്നു സാമ്പത്തിക- സാമൂഹിക മേഖലകളില്‍ വൻപരിഷ്‌കാരം, രണ്ട് മന്ത്രിതല സമിതികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: സാമ്പത്തിക- സാമൂഹിക മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും നേതൃത്വത്തില്‍ കേന്ദ്രം രണ്ട് പുതിയ അനൗദ്യോഗിക മന്ത്രിതല സമിതികള്‍ രൂപീകരിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ സമിതിയിലുള്ളത്. റെയില്‍വേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ കണ്‍വീനര്‍.

ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, വിഭവങ്ങള്‍, ശാസ്ത്ര സാങ്കേതികം, ഭരണം എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക, സാമ്പത്തിക മേഖലകളില്‍ നിയമനിര്‍മാണപരവും നയപരവുമായ പരിഷ്‌കരണ അജണ്ട തയ്യാറാക്കുന്നതിലാണ് ഈ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സാമൂഹിക, ക്ഷേമ, സുരക്ഷാ മേഖലകളിലെ പരിഷ്‌കരണത്തിന് രാജ്‌നാഥ് സിങ് നേതൃത്വം നല്‍കുന്ന സമിതിയില്‍ 18 അംഗങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, ഭവനം, തൊഴില്‍, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ സംഘം പരിശോധിക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ഈ പാനലിലെ അംഗങ്ങളാണ്. തൊഴില്‍, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് കണ്‍വീനര്‍.

അടുത്ത തലമുറയിലെ പരിഷ്‌കാരങ്ങളുടെ ആവശ്യകതയ്ക്കായി കര്‍മസേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ മന്ത്രിതല സമിതികള്‍ രൂപീകരിച്ചിട്ടുള്ളത്. 

'21-ാം നൂറ്റാണ്ടിന് അനുയോജ്യമാക്കുന്ന തരത്തിലും, ആഗോള സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തിലും, 2047-ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായും നിലവിലുള്ള നിയമങ്ങളും, ചട്ടങ്ങളും, നയങ്ങളും, നടപടിക്രമങ്ങളും മാറ്റിയെഴുതണം' എന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കൈവരിച്ച പുരോഗതിയെക്കുറിച്ച് പ്രതിമാസ റിപ്പോര്‍ട്ടുകള്‍ മന്ത്രിതല സമിതികള്‍ സമര്‍പ്പിക്കണം.  മൂന്ന് മാസത്തിനൊടുവില്‍ ഒരു സംയോജിത പരിഷ്‌കരണ രൂപരേഖ നല്‍കാനും ഇരു ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള സെക്രട്ടേറിയല്‍ പിന്തുണ നല്‍കുന്നത് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പായിരിക്കും. രണ്ട് മന്ത്രിതല സമിതികളുടെയും അധ്യക്ഷന്മാര്‍ക്ക്, ആവശ്യാനുസരണം മന്ത്രിമാരെയും സെക്രട്ടറിമാരെയും വിഷയവിദഗ്ദ്ധരെയും ക്ഷണിക്കാനുള്ള അധികാരമുണ്ട്.

ഉപദേശക റോള്‍ മാത്രമാകില്ല സമിതിയുടെ റോള്‍, പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പ്രായോഗികമായ കര്‍മ്മപദ്ധതികള്‍ നിര്‍ദേശിക്കുകയും സമിതികളുടെ ചുമതലയാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സങ്ങള്‍ ഇല്ലാതാക്കാനായി കേന്ദ്ര, സംസ്ഥാന, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തലങ്ങളിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും.

നിലവിലുള്ള നിയമങ്ങള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുക, ഡിജിറ്റല്‍ ഹെല്‍ത്ത്, ഫിന്‍ടെക്, ഗിഗ് ഇക്കോണമി തുടങ്ങിയ ഭാവി മേഖലകള്‍ക്ക് ആവശ്യമായ നിയമനിര്‍മ്മാണങ്ങളുടെ കരട് തയ്യാറാക്കുക തുടങ്ങിയ നിയമപരമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാനും പാനലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ സര്‍ക്കാര്‍ ഇതിനോടകം നടപ്പാക്കാന്‍ നിശ്ചയിച്ച പരിഷ്‌കാരങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനത്തിന് അമിത് ഷായെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlights: India Announces New Committees for Economic, Social Policy Reform Ahead of 2047 Goals