‘ചിക്കൻസ് നെക്ക്’ ഇനി അധിക സുരക്ഷിതം, കിഴക്കൻ അതിർത്തിയിൽ സൈനിക സന്നാഹം വർധിപ്പിച്ച് ഇന്ത്യ

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: കിഴക്കൻ അതിർത്തിയിൽ നിർണായക സൈനിക സന്നാഹമൊരുക്കി ഇന്ത്യ. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴിയിലാണ് സൈനിക സന്നാഹം രൂപപ്പെടുത്തുന്നത്. അതിർത്തിയിലെ തന്ത്രപ്രധാനമായ മേഖലയിലെ മൂന്ന് പുതിയ സൈനിക കേന്ദ്രങ്ങളിലാണ് കൂടുതൽ സൈനികവിന്യാസത്തിലൂടെ അധിക പ്രതിരോധ സജ്ജമാകുന്നത്. അസമിലെ ധുബ്രിക്ക് സമീപമുള്ള ലചിത് ബൊർഫുകൻ മിലിട്ടറി സ്റ്റേഷൻ, ബിഹാറിലെ കിഷൻഗഞ്ചിലെയും പശ്ചിമ ബംഗാളിലെ ചോപ്രയിലെയും സൈനിക താവളങ്ങളുമാണ് സന്നാഹം ശക്തമാക്കുന്നത്. സിലിഗുഡി ഇടനാഴിയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും സംഭവിക്കില്ലെന്ന് ഉറപ്പാക്കാനായി ദ്രുത വിന്യാസ സേന, ഇന്റലിജൻസ് യൂണിറ്റുകൾ, പാരാ സ്പെഷ്യൽ ഫോഴ്‌സ് എന്നീ സൈനികവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ മുഖ്യഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ വീതിയുള്ള ഇടുങ്ങിയ പാതയാണ് സിലിഗുഡി ഇടനാഴി. സൈനിക താവളങ്ങളിലും സംവിധാനങ്ങളിലും പുതിയ വിന്യാസങ്ങളൊരുക്കി ഈ ഇടനാഴിയെ മാറ്റിമറിക്കുകയാണ് കേന്ദ്രസർക്കാർ. സൈനിക തയ്യാറെടുപ്പിന്റെ സൂചന നൽകിയാണ് ഈ മേഖലയിൽ പുതിയ മൂന്ന് സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളും രാഷ്ട്രീയ അസ്ഥിരതയെയും മൂലമുണ്ടായേക്കാനിടയുള്ള ഭീഷണികൾ പ്രതിരോധിക്കുകയാണ് ലക്ഷ്യം. മാത്രമല്ല മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ ആശയങ്ങൾ ചൈനയോടും പാകിസ്താനോടും ശക്തമായി യോജിക്കുന്നവയാണെന്നതും ഇന്ത്യ മുഖവിലയ്ക്കെടുത്തിട്ടുണ്ടെന്ന് വ്യക്തം. ചൈനീസ് J-10C യുദ്ധവിമാനങ്ങൾ വാങ്ങാനും ഡ്രോൺ നിർമ്മാണത്തിൽ ചൈനയുമായി സഹകരിക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തന്ത്രപ്രധാനമായ അതിർത്തിയിൽ ബംഗ്ലാദേശ് ശത്രുരാജ്യങ്ങളിലേക്ക് ചായുന്നത് ഒരു തന്ത്രപരമായ പേടിസ്വപ്നമാണ്. വടക്കുകിഴക്കൻ മേഖലയിലെ 4.5 കോടിയിലധികം ജനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴിയിലെ ഏതൊരു തടസ്സവും മുഖ്യ ഭൂപ്രദേശവുമായുള്ള ഈ മേഖലയിലെ ജനതയുടെ ബന്ധത്തെ വിച്ഛേദിച്ചേക്കാം. പുതിയ സൈനികതാവളങ്ങൾ ഇടനാഴിക്ക് പൂർണമായുള്ള സുരക്ഷാ കവചം നൽകുന്നു, ഇതിൽ ചോപ്രയിലെ സൈനിക കേന്ദ്രം ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിന്റെ ഉള്ളിലേക്ക് ആഴത്തിൽ നിരീക്ഷണം നടത്താനും ആവശ്യമെങ്കിൽ ദ്രുതഗതിയിലുള്ള സൈനിക വിന്യാസം സാധ്യമാക്കാനും ഇത് സഹായിക്കുന്നു.

റഫാൽ യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈലുകൾ, അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലൂടെ ഇന്ത്യ തങ്ങളുടെ പ്രതിരോധശേഷി ലോകത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. പ്രതികരണാത്മകമായ പ്രതിരോധത്തിൽ നിന്ന് ആധിപത്യത്തിലേക്കുള്ള ഒരു മാറ്റമാണ് ഇന്ത്യയുടെ നിലപാടിൽ നിന്ന് ലോകത്തിന് വ്യക്തമാകുന്നത്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയർത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടുമെന്ന് ബംഗ്ലാദേശ് ഉൾപ്പെടെ മറ്റ് രാജ്യങ്ങൾക്ക് ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

Content Highlights: India significantly enhances military readiness in the Siliguri Corridor, strengthening defenses to secure the vital gateway connecting Northeast India to the mainland.