ചൈനയില്‍ ഇലയനങ്ങിയാല്‍ ഇന്ത്യ അറിയും; റഷ്യയുടെ 'വൊറോണിഷ് റഡാര്‍' വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ റഷ്യയുമായി മറ്റൊരു വലിയ ഇടപാടിനൊരുങ്ങി ഇന്ത്യ. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധത്തിന് സജ്ജമാകാന്‍ സഹായിക്കുന്ന ഭീമന്‍ റഡാര്‍ സംവിധാനമായ വൊറോണിഷ് (Voronezh) റഷ്യയില്‍നിന്ന് വാങ്ങാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇടപാടിന് അംഗീകാരമായാല്‍ 400 കോടി ഡോളര്‍ ( ഏകദേശം 33,953 കോടി രൂപ) മതിക്കുന്ന പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്. നിലവില്‍ റഷ്യയിലുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച റഡാര്‍ സംവിധാനമാണ് വെറോണിഷ്. 8000 കിലോ മീറ്റര്‍ പരിധിയില്‍നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനമാണ് വൊറോണിഷ്. ബലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഭൂഖണ്ഡാന്തര മിസൈലുകള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ വെറോണിഷിന് സാധിക്കും. വിന്യസിച്ച് കഴിഞ്ഞാല്‍ ചൈന, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ മഹാസമുദ്ര മേഖല തുടങ്ങിയവ ഇന്ത്യയുടെ നിരീക്ഷണവലയത്തിലാകും.
ഒരേസമയം 500 ലക്ഷ്യങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന വൊറോണിഷിന്റെ പരിധി 10,000 കിലോ മീറ്റര്‍ ആയി വര്‍ധിപ്പിക്കാന്‍ സാധിക്കും. എങ്കിലും കൃത്യമായ വിവരങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ പരമാവധി ലംബമായി 8000 കിലോ മീറ്ററും തിരശ്ചീനമായി 6000 കിലോ മീറ്ററുമാണ് നിരീക്ഷണപരിധി. മാത്രമല്ല, ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള ഏത് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളേയും കണ്ടെത്താനുള്ള ശക്തമായ റഡാര്‍ സംവിധാനമാണ് വൊറോഷ് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 8000 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നുവരെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ ഭൂഖണ്ഡാന്തര മിസൈലുകളെ നേരത്തെ കണ്ടെത്താന്‍ സാധിക്കും. ഭൂമിക്ക് സമീപത്തുള്ള ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കാനും വൊറോണിഷിനെ ഉപയോഗിക്കാനാകും.
കഴിഞ്ഞ മാസമാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണ് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൊറോണിഷ് റഡാര്‍ സംവിധാനത്തിന്റെ 60% ഭാഗങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള താത്പര്യവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ഇന്ത്യയില്‍ ഏതെങ്കിലും കമ്പനിയുമായി റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് സഹകരിക്കേണ്ടി വരും.
വൊറോണിഷിനെ വാങ്ങാന്‍ തീരുമാനമായാല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാകും ഇതിനെ സ്ഥാപിക്കുക. ഇതിനുവേണ്ടിയുള്ള സര്‍വേ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇന്ത്യയുടെ പല രഹസ്യ പ്രതിരോധ സാങ്കേതിക വിദ്യകളുടെ പരീക്ഷണ മേഖല കൂടിയാണ് ചിത്രദുര്‍ഗ ജില്ല.
ഇതിനൊപ്പം റഷ്യയില്‍നിന്ന് വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷിക്കുന്ന യൂണിറ്റുകളുടെ വിതരണം വേഗത്തിലാക്കുക എന്ന ലക്ഷ്യം കൂടി പ്രതിരോധ മന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനുണ്ട്. 2018-ലാണ് റഷ്യയിൽനിന്ന് എസ്-400 പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടത്. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഈ ഡീല്‍ നടന്നത്. പുതിയ പ്രതിരോധ ഇടപാടിനോടുള്ള അമേരിക്കന്‍ പ്രതികരണം എങ്ങനെയാകുമെന്ന കാര്യത്തില്‍ പ്രതിരോധ നിരീക്ഷകരും കാത്തിരിക്കുകയാണ്.
Content Highlights: India May Ink Defence Deal Worth Billions With Russia To Counter China: Report