എൽ.പി.ജി: ഗ്രാമീണമേഖലയിൽ ബുക്കിങ് ഇടവേള 45 ദിവസമാക്കി; ഇതുവരെയില്ലാത്ത പ്രതിസന്ധിയെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചകവാതകലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽനിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെവിടെയും എൽ.പി.ജി. ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എൽ.പി.ജി. ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ആലോചിച്ച് എണ്ണവിതരണക്കമ്പനികൾ കൂടുതൽ വാണിജ്യസിലിൻഡറുകൾ നൽകും. ഇവയുടെ വിതരണത്തിനുള്ള മുൻഗണന സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. വാണിജ്യ എൽ.പി.ജി. സിലിൻഡറുകളുടെ 20 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇനി വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്കാണ് നൽകുക. ഇന്ത്യയിലെ എൽ.പി.ജി. ഉത്പാദനം കഴിഞ്ഞദിവസം 25 ശതമാനം വർധിപ്പിച്ചിരുന്നു. ഇത് വ്യാഴാഴ്ച 28 ശതമാനമാക്കി ഉയർത്തി.
പാചക ആവശ്യങ്ങൾക്ക് എൽ.പി.ജി.ക്ക് പകരമുള്ള ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തേ ഒരു ലക്ഷം കിലോലിറ്റർ മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന സ്ഥാനത്ത് ഇനി അധികമായി 48,000 കിലോലിറ്റർകൂടി നൽകുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാതാ ശർമ അറിയിച്ചു. കൂടാതെ കൽക്കരി, മണ്ണെണ്ണ, ജൈവ ഇന്ധനങ്ങൾ എന്നിവ ഹോട്ടൽ, വാണിജ്യ മേഖലകളിൽ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകി. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ ഒരുമാസത്തേക്കാണ് ഈ ഇളവ്.
ഗാർഹിക സിലിൻഡറുകൾ നിറയ്ക്കുന്നത് കുറയുന്നു
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി.ക്കു പുറമേ ഗാർഹിക ആവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ വിതരണവും പ്രതിസന്ധിയിലേക്ക്. പ്രധാന ഉത്പാദക കമ്പനികൾ ബോട്ട്‌ലിങ് പ്ളാന്റിൽ ഗാർഹിക സിലിൻഡറുകൾ നിറയ്ക്കുന്നത് കുറച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ഇതേക്കുറിച്ച് കമ്പനി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.
അമ്പലമുകൾ ബി.പി.സി.എലിൽനിന്ന് ദിവസേന ഗാർഹികാവശ്യത്തിനുള്ള നൂറ്ുലോഡ് സിലിൻഡറുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ, വ്യാഴാഴ്ച ഇത് 80 ലോഡായി കുറഞ്ഞുവെന്നാണ് വിവരം. ഐ.ഒ.സി.യുടെ ഉദയംപേരൂർ ബോട്ട്‌ലിങ് പ്ളാന്റിൽനിന്ന് ദിവസേന 120 ലോഡ് ഗാർഹിക സിലിൻഡറുകളാണ് വിതരണം ചെയ്യാറുള്ളത്. ഇവിടെയും സിലിൻഡറുകൾ നിറയ്ക്കുന്നത് കുറഞ്ഞു. ഗാർഹിക സിലിൻഡറുകളുടെ ബുക്കിങ്ങിനും പ്രയാസംനേരിടുന്നുണ്ടെന്ന് പരാതിയുണ്ട്.
വാണിജ്യാവശ്യത്തിനായുള്ള പാചകവാതകവിതരണം വ്യാഴാഴ്ചയും താറുമാറായി. ഐ.ഒ.സി.യുടെ ബോട്ട്‌ലിങ് പ്ലാന്റിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിൻഡർ നിറയ്‍ക്കുന്നത് നാമമാത്രമായിരുന്നു. സാധാരണയായി 12,500 വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്ന സ്ഥാനത്ത് വ്യാഴാഴ്ച 500 എണ്ണമാണ് നിറച്ചത്. ബി.പി.സി.എൽ. വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. ഭാഗികമായി നിറയ്ക്കുന്നുണ്ട്.
Content Highlights: LPG cylinder booking interval extended from 25 to 45 days in rural areas., Government increases LPG production by 28% to stabilize supply., Additional 48,000 kiloliters of kerosene allocated to states., Commercial LPG supply prioritized for industrial and commercial users., Temporary permission granted for alternative fuels like coal and bio-fuels in commercial sectors.