രാജ്യത്ത് ലോക്ക്ഡൗൺ? പ്രചാരണം തള്ളി കേന്ദ്രമന്ത്രി; 60 ദിവസത്തേക്കുള്ള എണ്ണ കരുതലുണ്ടെന്ന് സർക്കാർ

#ന്യൂസ് ഡെസ്ക്
ഹർദീപ് സിങ് പുരി | Photo: ANI
ഹർദീപ് സിങ് പുരി | Photo: ANI

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. അത്തരം ഒരു നിർദേശവും പരിഗണനയിലില്ല. ഇത്തരം പരിഭ്രാന്തി പരത്തുന്ന നീക്കങ്ങൾ ഉത്തരവാദിത്വമില്ലായ്മയും ദോഷകരവുമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ലോക്ക്ഡൗണുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തികച്ചും തെറ്റാണ്. നാം ശാന്തരും ഉത്തരവാദിത്വമുള്ളവരുമാവുകയും ഒറ്റക്കെട്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ-പ്രകൃതിവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുരിയുടെ പ്രസ്താവന. ഇന്ധനം, ഊർജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ കരുതൽശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്. ലോകമെമ്പാടുമുള്ള 41-ലധികം വിതരണക്കാരിൽനിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള വർധിച്ച ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും രാജ്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.