ഉൾക്കടലിൽ ഇന്ത്യയുടെ കൽപസർ അണക്കെട്ട്; ചെലവ് 1.3 ലക്ഷം കോടി

#കെ. ഉണ്ണികൃഷ്ണൻ
കൽപസർ അണക്കെട്ടിന്റെ അലൈൻമെന്റ് മാപ്പ് | Photo: kalpasar.gujarat.gov.in/maps
കൽപസർ അണക്കെട്ടിന്റെ അലൈൻമെന്റ് മാപ്പ് | Photo: kalpasar.gujarat.gov.in/maps

കൊച്ചി: ഗുജറാത്തിൽ ഉൾക്കടലിൽ വമ്പൻ അണക്കെട്ട് നിർമിക്കാനുള്ള സ്വപ്നപദ്ധതിയുമായി ഇന്ത്യ. ഖംഭാത് ഉൾക്കടലിൽ പണിയാൻ ഉദ്ദേശിക്കുന്ന കൽപസർ അണക്കെട്ടിന് 60 കിലോമീറ്ററാണ് നീളം. നർമദ, സാബർമതി, തപ്തി തുടങ്ങിയ നദികൾ അറബിക്കടലിൽ ചേരുന്നത് ഇവിടെയാണ്. ഇൗ വെള്ളമാണ് കടലിൽചേരുംമുൻപ്‌ അണക്കെട്ടിൽ ശേഖരിക്കുക.

1800 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള അണക്കെട്ടിൽ, 7,807 മില്യൺ ക്യുബിക് മീറ്റർ ജലം സംഭരിക്കാനാകും. ഇതോടെ, കൊടുംവരൾച്ചയുള്ള സൗരാഷ്ട്രമേഖലയിലെ ഒൻപതുജില്ലകളിലായി ഏകദേശം 26 ലക്ഷം ഏക്കർ ഭൂമിയിൽ ജലസേചനം സാധ്യമാകും. കുടിവെള്ളക്ഷാമവും പരിഹരിക്കും.

ഊർജോത്‌പാദനം, ഗതാഗതം, വ്യവസായം എന്നിവയ്ക്കും അണക്കെട്ട് സഹായകമാകും. ബൃഹത്തായ ഈ പദ്ധതിക്ക് 1.3 ലക്ഷം കോടി രൂപയാണ് ചെലവ്. അണക്കെട്ട് പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം രൂപപ്പെടും.

16 വരി പാത, റെയിൽ

പദ്ധതിക്ക് ഏകദേശം 2,500 മെഗാവാട്ടുവരെ വൈദ്യുതി ഉത്പാദനശേഷി ഉണ്ട്. അണക്കെട്ടിനുമുകളിൽ 16 വരി ദേശീയപാതയ്ക്കൊപ്പം റെയിൽവേലൈനും ഉണ്ടാവും. സൗരാഷ്ട്രയിലെ ഭാവ്നഗറിനെയും ദക്ഷിണഗുജറാത്തിലെ ബെറൂച്ചിനെയും നേരിട്ട് ബന്ധിപ്പിക്കാനാകും. നിലവിൽ സൗരാഷ്ട്രയിൽനിന്ന് ദക്ഷിണ ഗുജറാത്തിലേക്ക് വാഹനങ്ങൾക്ക് ഗൾഫ് ഓഫ് ഖംഭാത് ചുറ്റി ഏകദേശം 240 കിലോമീറ്റർ താണ്ടിവേണം പോകാൻ. അണക്കെട്ടുവന്നാൽ 60 കിലോമീറ്റർ ആവും.

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്

1975-ലാണ് കൽപസർ പദ്ധതിയുടെ ആശയം ആദ്യമായി ഉയർന്നുവന്നത്. വലിയ നിർമാണച്ചെലവ്, നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവകൊണ്ടാണ് നീണ്ടുപോയത്. നെതർലൻഡ്‌സിന്റെ സാങ്കേതികസഹായത്തോടെയാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെതർലൻഡ്സ്‌ സന്ദർശനവേളയിൽ ഇതിനുള്ള സമ്മതപത്രം ഒപ്പുവെച്ചിരുന്നു. സാമൂഹികാഘാതപഠനവും ആവാസവ്യവസ്ഥാ പഠനവും കഴിഞ്ഞു. പരിസ്ഥിതിപഠനം നടക്കുന്നു. ഡി.പി.ആർ. പരിശോധിച്ചുവരുകയാണ്.