അഫ്ഗാനിലെ ടെക്‌നിക്കല്‍ മിഷന്‍ ഇനി എംബസി; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യയുടെ മനസിലെന്ത്?

വിദേശകാര്യമന്ത്രി ജയ്‌ശങ്കറും താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖിയും
വിദേശകാര്യമന്ത്രി ജയ്‌ശങ്കറും താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖിയും

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭണകൂടവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി നിലവിലെ കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന്റെ ഭാഗമായി കാബൂളിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ മിഷന്‍ എംബസിയായി ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. ഇതാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാല്യത്തിലായത്. ഇതോടെ അഫ്ഗാനിസ്താനില്‍ ഇന്ത്യയുടെ പൂര്‍ണ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിക്കപ്പെട്ടു. ടെക്‌നിക്കല്‍ മിഷനെ എംബസിയായി പദവിയിലേക്ക് പുനഃസ്ഥാപിച്ചുവെന്ന വിവരം വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്ത 2021 മുതല്‍ അടച്ചിട്ടിരുന്ന എംബസിയാണ് ഇപ്പോള്‍ വീണ്ടും പൂര്‍ണമായി തുറക്കുന്നത്. അഫ്ഗാനിസ്താനിലെ ഇന്ത്യയുടെ മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു ടെക്‌നിക്കല്‍ മിഷന്‍ മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. പൂര്‍ണ നയതന്ത്രകാര്യാലയമായി ഇതിന്റെ പദവി തിരികെ കൊണ്ടുവരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകും.

മുത്തഖിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ആശങ്കകള്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കുമെന്നാണ് മുത്തഖി ഉറപ്പുനല്‍കിയത്. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റുകളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധനല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയുരുന്നു. ഇതുകൂടി പരിഗണിച്ചാണ് നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുന്നത്.

അഫ്ഗാന്‍ സമൂഹത്തിന്റെ മുന്‍ഗണനകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി, അഫ്ഗാനിസ്താന്റെ സമഗ്രമായ വികസനം, മാനുഷിക സഹായം, ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ത്യയുടെ സംഭാവനകള്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളും അസ്വാരസ്യങ്ങള്‍ക്കുമിടയിലാണ് ഇന്ത്യയുടെ നയതന്ത്രനീക്കമെന്നതാണ് ശ്രദ്ധേയം. ഒക്ടോബര്‍ ഒമ്പത് മുതല്‍ 15 വരെ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഖനന മേഖലയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം പക്ഷം ഇന്ത്യന്‍ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യ ഇതുവരെ താലിബാന്‍ ഭരണകൂടത്തിനെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് അംഗീകാരത്തിലേക്കുള്ള നടപടികളാണെന്നാണ് സൂചന. ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ അഫ്ഗാനിസ്താനിലേക്ക് അയക്കുന്നതിന് പുറമെ താലിബാന്‍ ഭരണകൂടം ഇന്ത്യയിലേക്കും നയതന്ത്രപ്രതിനിധികളെ അയച്ചേക്കും. പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന് ശേഷം നിലവിലെ സര്‍ക്കാരിനെ ഇന്ത്യ അംഗീകരിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഇത് വളരെ പെട്ടെന്ന് നടക്കാനിടയില്ല. അധികം ബഹളങ്ങളില്ലാതെ സാവധാനം ഇത് നടപ്പിലാകുമെന്നാണ് വിവരം.

Content Highlights: India elevates its technical mission in Kabul to an embassy, strengthening diplomatic ties with Afghanistan`s Taliban administration. Full diplomatic presence restored.