ഇറാൻ ദുർബലപ്പെടുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് തിരിച്ചടി

#പ്രവീൺ കൃഷ്ണൻ
ചൊവ്വാഴ്ച ഇറാനിലെ ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ സൈനിക ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു.| AP
ചൊവ്വാഴ്ച ഇറാനിലെ ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ സൈനിക ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു.| AP

ന്യൂഡൽഹി: ഇറാനിൽ യു.എസും ഇസ്രയേലും ചേർന്ന് തുടരുന്ന ആക്രമണത്തിലും ആയത്തുള്ള അലി ഖമീനിയെ കൊലപ്പെടുത്തിയതിലും കേന്ദ്രസർക്കാർ മൗനം തുടരുകയാണ്. ഇറാനെതിരെയുള്ള ആക്രമണം ഇന്ത്യയുടെ ദീർഘകാല താത്പര്യങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതേക്കുറിച്ച് ബോധ്യമുണ്ടായിട്ടും കേന്ദ്ര സർക്കാർ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംഗിതങ്ങളുടെ നിശ്ശബ്ദകാഴ്ചക്കാരാകുന്നത് നയതന്ത്രതലത്തിൽ വീഴ്ചയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഇറാൻ ദുർബലമാക്കപ്പെടുന്നതും അല്ലെങ്കിൽ ട്രംപ് ആഗ്രഹിക്കുന്നതുപോലെ ഭരണമാറ്റമുണ്ടാകുന്നതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യക്ക് പൊതുവിൽ അനുകൂല സമീപനം കൈക്കൊണ്ട സുഹൃദ് രാജ്യമാണ് ഇറാൻ.

ഓപ്പറേഷൻ സിന്ദൂറിലും ഇറാൻ ഇന്ത്യക്കെതിരായ സമീപനം സ്വീകരിച്ചിട്ടില്ല. പാകിസ്താനുമായുള്ള സമീപകാല സംഘർഷത്തിൽ പരോക്ഷമായെങ്കിലും രാജ്യത്തിന്റെ താത്പര്യത്തിന് അനുകൂലമായിരുന്നു ഇറാന്റെ നിലപാടുകൾ. അതിർത്തി പങ്കിടുന്ന പാകിസ്താനുമായി ഇറാൻ നല്ല ബന്ധത്തിലുമല്ല.

ഓപ്പറേഷൻ സിന്ദൂറിൽ തുർക്കി സ്വീകരിച്ച സമീപനത്തോട് ഇത് താരതമ്യം ചെയ്യേണ്ടതാണ്. തികച്ചും ഇന്ത്യാവിരുദ്ധവും പാകിസ്താൻ അനുകൂലവുമായ സമീപനമാണ് നാറ്റോ സഖ്യരാജ്യമായ തുർക്കി സ്വീകരിച്ചത്. തുർക്കി, ഇറാൻ, പാകിസ്താൻ ത്രികോണത്തിൽ ഇറാനാണ് ഇന്ത്യക്ക് സഹായകമായി നിൽക്കുന്ന രാജ്യം. ഇറാൻ ദുർബലപ്പെടുന്നത് തുർക്കിക്ക് ശക്തിപകരും. ചബാഹർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടും ഇറാനിൽ ഇന്ത്യക്ക് വലിയ താത്പര്യങ്ങളുണ്ട്.

ഇറാനെപ്പോലെ ശക്തമായ ഭരണകൂടം ഭീകരവാദവിരുദ്ധ സഹകരണത്തിൽ ഇന്ത്യക്ക് പ്രധാനമാണ്. ഐ.എസ്. പോലുള്ള ഭീകരസംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇറാൻ സ്വീകരിച്ചിരുന്നത്. മുൻ വർഷങ്ങളിൽ ഇന്ത്യക്ക് കുറഞ്ഞവിലയിൽ അസംസ്കൃത എണ്ണ നൽകുന്ന പ്രധാന പങ്കാളികളിൽ ഒന്നായിരുന്നു ഇറാൻ. ഇത് ഇന്ത്യയുടെ ഊർജച്ചെലവ് കുറയ്ക്കാനും വിതരണവൈവിധ്യം ഉറപ്പാക്കാനും സഹായകമായിരുന്നു. സംഘർഷരഹിതമായ ഹോർമുസ് കടലിടുക്കും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്.

Content Highlights: India's current silence on the US-Iran conflict is being criticized as a significant diplomatic failure., A weakened Iran is detrimental to India's long-term strategic interests, including the Chabahar Port project and regional stability., Historically, Iran has been a friendly nation, often supporting India's interests, especially in contrast to Turkey's pro-Pakistan stance., The stability of Iran is crucial for India's energy security, counter-terrorism cooperation, and safe passage through the Hormuz Strait.