സിന്ധു നദീജല കരാർ; ഇരവാദം ഉയർത്താൻ പാകിസ്താൻ, ഭീകരവാദം ഉപേക്ഷിച്ചാൽ മാത്രം ചർച്ചയെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാർ (Indus Waters Treaty) നിലവിൽ ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണെന്നും ഭീകരവാദം അവസാനിപ്പിക്കാതെ ഈ വിഷയത്തിൽ തുടർ ചർച്ചകൾക്കില്ലെന്നും ശക്തമായ നിലപാടുമായി കേന്ദ്രം. പാകിസ്താൻ അന്താരാഷ്ട്ര തലത്തിൽ ഇരവാദം ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അയൽരാജ്യം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നിടത്തോളം കരാറിൽ മാറ്റമില്ലെന്ന് ഇന്ത്യ അറിയിച്ചു.
പാകിസ്താൻ ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരവാദം ശാശ്വതമായി അവസാനിപ്പിച്ചാൽ മാത്രമേ നദീജല പങ്കിടലിൽ എന്തെങ്കിലും ഭാവി ധാരണകൾ സാധ്യമാകൂ എന്നും, നിലവിലെ രൂപത്തിൽ സിന്ധു നദീജല കരാർ (IWT) വീണ്ടും പ്രവർത്തനക്ഷമമാകാൻ സാധ്യതയില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ (PTI) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
65 വർഷത്തിലധികം പഴക്കമുള്ള ജല പങ്കിടൽ കരാറിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കവെ, കരാറിന് കീഴിലുള്ള സഹകരണം എപ്പോഴെങ്കിലും പുനഃസ്ഥാപിക്കപ്പെടുകയാണെങ്കിൽ, അത് നിലവിലുള്ള കരാറിന് പകരമായി പരിഷ്‌കരിച്ച ചട്ടക്കൂടിന് കീഴിലായിരിക്കണം എന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാറിന്റെ പുനരുജ്ജീവനത്തിന് പാകിസ്താൻ ഭീകരവാദത്തിന് നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ തടസ്സമെന്ന് ഇന്ത്യ വ്യകതമാക്കി.
'സിന്ധു നദീജല കരാർ അതിന്റെ നിലവിലെ രൂപത്തിൽ ഇനി പ്രവർത്തിക്കില്ലെന്ന് പറയുന്നതാകും കൃത്യം. നദീജല പങ്കിടലുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുനരുജ്ജീവിപ്പിക്കണമെങ്കിൽ, അത് നിലവിലെ രൂപത്തിലല്ല, മറിച്ച് മറ്റൊരു രൂപത്തിൽ ചെയ്യേണ്ടതുണ്ട്. പാകിസ്താൻ ഭീകരവാദം ഉപേക്ഷിച്ചാൽ മാത്രമേ ഇത് സംഭവിക്കൂ.' ഒരു സർക്കാർ ഉറവിടം പറഞ്ഞു.
26 സാധാരണക്കാരുടെ ജീവൻ കവർന്ന 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ പരാമർശങ്ങൾ വരുന്നത്. ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ പ്രഖ്യാപിച്ച നയതന്ത്ര-സാമ്പത്തിക നടപടികളുടെ ഭാഗമായിരുന്നു ഈ സസ്‌പെൻഷൻ.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബയുടെ (LeT) ബിനാമി ഗ്രൂപ്പായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആണ് ഈ ക്രമണം നടത്തിയത് എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. പ്രത്യാക്രമണത്തിനായി, പാകിസ്താനിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ച് മെയ് മാസത്തിൽ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചിരുന്നു.
സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് ഇന്ത്യ നിലവിൽ സജീവമായി ആലോചിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നിരുന്നാലും, ഒരു പരമാധികാര രാജ്യമെന്ന നിലയിൽ, രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ഏതൊരു അന്താരാഷ്ട്ര കരാറും അവസാനിപ്പിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്ത് ജലക്ഷാമത്തിന് കാരണമായെന്ന പാകിസ്താന്റെ അവകാശവാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞു.
പാകിസ്താന് ലഭിക്കുന്ന ജലത്തിന്റെ വലിയൊരു ഭാഗവും നഷ്ടപ്പെടാൻ കാരണം, മോശം സംഭരണ സൗകര്യങ്ങൾ, വ്യാപകമായ ചോർച്ച, സ്വന്തം പ്രവിശ്യകൾക്കിടയിലുള്ള തർക്കങ്ങൾ എന്നിവയാണെന്നും ഇന്ത്യ വ്യക്തമാക്കി. ഉറവിടങ്ങൾ പറയുന്നതനുസരിച്ച്, സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനായി ഇന്ത്യയെ കുറ്റപ്പെടുത്തി ഒരു 'വ്യാജ വിവരണം' സൃഷ്ടിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ വാദിച്ചു. ഇന്ത്യയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കും ആശങ്കകൾക്കുമിടയിലും ഭീകരവാദം തടയാൻ പാകിസ്താൻ അർത്ഥവത്തായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Content Highlights: Indus Waters Treaty in its present form is deemed non-functional by India. Permanent end to cross-border terrorism is a prerequisite for any future cooperation. India currently keeps the treaty in abeyance following the April 2025 Pahalgam attack. Pakistan's claims of water scarcity are rejected as domestic management failures. India retains the right to terminate the treaty based on Pakistan's future actions.