ഇന്ത്യക്കാരെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ

അരിന്ദം ബാഗ്ചി | Photo: ANI
അരിന്ദം ബാഗ്ചി | Photo: ANI

ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് മലയാളിയടക്കം എട്ടുപേർക്ക് വധശിക്ഷ നൽകിയ ഖത്തർ കോടതിയുടെ വിധിയിൽ അപ്പീൽ നൽകി ഇന്ത്യ. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അവരുടെ കുടുംബത്തെ കണ്ടു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. 

ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.

നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യുകയായിരുന്നു ഇവർ. 2022 ഓഗസ്റ്റിലാണ് ഖത്തർ ഇന്റലിജൻസ് ഇവരെ അറസ്റ്റുചെയ്തത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും നവംബറിൽ മോചിപ്പിച്ചു. മാർച്ചിലാണ് വിചാരണയാരംഭിച്ചത്.

Content Highlights: India Files Appeal In Case Of 8 Navy Veterans On Death Row In Qatar