ഇറാനിൽ സംഘർഷം, യുദ്ധ സന്നാഹം; ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രം, ആദ്യ വിമാനം നാളെ

#ന്യൂസ് ഡെസ്ക്
ഇറാനില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP
ഇറാനില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP

ന്യൂഡൽഹി: ഇറാനിൽ തുടരുന്ന അശാന്തിയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിക്കുന്നതിനുമിടയിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ആദ്യ ഘട്ട ഒഴിപ്പിക്കൽ നാളെ ഉണ്ടായേക്കും. യുഎസ് ആക്രണത്തിന് ഒരുങ്ങുന്നുവെന്ന ആശങ്കകൾക്കിടയിൽ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി താത്കാലികമായി അടച്ചിട്ടിരുന്നു. വ്യോമാതിർത്തി സിവിലിയൻ ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തതിനാൽ, ആദ്യ ഒഴിപ്പിക്കൽ വിമാനം നാളെ ടെഹ്റാനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് നാളെ രാവിലെ 8 മണിക്കകം തയ്യാറെടുക്കാൻ എംബസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒഴിപ്പിക്കലിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും വിദ്യാർത്ഥികളോട് അവരുടെ രേഖകൾ തയ്യാറാക്കി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ടും മറ്റുരേഖകളും ശേഖരിച്ചതായും ജമ്മു കശ്മീർ സ്റ്റുഡന്റ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസാവസാനം ഇറാനിയൻ റിയാലിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായതിനെത്തുടർന്നാണ് അസ്വസ്ഥതകൾ ആരംഭിച്ചത്. ഇത് രാജ്യത്ത് 31 പ്രവിശ്യകളിലേക്ക് വ്യാപിക്കുകയും വലിയ രാഷ്ട്രീയ പ്രകടനങ്ങളായി പരിണമിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ അടിച്ചമർത്തലിൽ കുറഞ്ഞത് 3,428 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ അവകാശപ്പെടുന്നു, സമീപ ദിവസങ്ങളിൽ സ്ഥിതിഗതികൾ വളരെ വഷളായിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാർ നിലവിൽ ഇറാനിൽ താമസിക്കുന്നുണ്ട്. ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ലഭ്യമായ മാർഗ്ഗങ്ങളിലൂടെ പുറത്തുപോകാനും ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കേന്ദ്ര സർക്കാർ ബുധനാഴ്ച നിർദേശം നൽകിയിരുന്നു.

Content Highlights: India prepares to evacuate its citizens stranded in Iran due to escalating unrest and security concerns