ഊർജസുരക്ഷ: ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം; US-ൽനിന്ന് LPG ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഊർജ്ജ വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി വിപുലീകരിക്കാൻ ഒരുങ്ങി ഇന്ത്യ. പാചകവാതകത്തിനായി ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്ഥിരമായ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും കണക്കിലെടുത്ത് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് ഈ നയപരമായ മാറ്റത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വിപണിയിലെ അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടാൻ മുപ്പത് ദിവസത്തെ തന്ത്രപരമായ ഇന്ധന ശേഖരം നിർമ്മിക്കാനും സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയ്ക്ക് പുറമെ നൈജീരിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പുതിയ സ്രോതസ്സുകളായി ഇന്ത്യ പരിഗണിക്കുന്നുണ്ട്. ദൂരക്കൂടുതൽ കാരണം ഗതാഗതച്ചെലവ് വർധിക്കുമെങ്കിലും, വിതരണ ശൃംഖലയുടെ സ്ഥിരതയ്ക്കും തടസ്സമില്ലാത്ത ഇന്ധന ലഭ്യതയ്ക്കും ഈ തീരുമാനം നിർണായകമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടപ്പോൾ അമേരിക്കയിൽ നിന്നുള്ള വിതരണം ഇന്ത്യക്ക് വലിയ സഹായമായിരുന്നു.
ഇന്ത്യയുടെ എണ്ണ വിപണന മേഖലയിലെ ലാഭവിഹിതത്തിലും വിപണി വിലയിലും ഈ മാറ്റങ്ങൾ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 നവംബറിൽ അമേരിക്കയുമായി ഒപ്പുവെച്ച കരാർ പ്രകാരം നിലവിൽ പ്രതിവർഷം 22 ലക്ഷം ടൺ എൽപിജി ആണ് ഇന്ത്യ അവരിൽനിന്ന് വാങ്ങുന്നത്. ഇത് ഏകദേശം ഇരട്ടിയായി വർധിപ്പിക്കുന്ന കാര്യം പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ പരിഗണിക്കുന്നതായി ഈ വിഷയവുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
2025-ൽ ഇന്ത്യയുടെ ആകെ എൽപിജി ഇറക്കുമതിയിൽ 8 ശതമാനത്തിൽ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക് 2026 ജൂണിൽ 65 ശതമാനത്തോളം ഉയർന്നു. അമേരിക്കയെ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നും എൽപിജി ലഭ്യമാക്കാനുള്ള സാധ്യതകൾ രാജ്യം പരിശോധിക്കുന്നുണ്ട്. വിതരണക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് വഴി ഒരൊറ്റ മേഖലയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനും സംഘർഷങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധി സാധ്യതകൾ കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത്, 30 ദിവസത്തെ ആവശ്യത്തിനുള്ള തന്ത്രപ്രധാനമായ എൽപിജി ശേഖരം നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്കും കരുത്ത് ലഭിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വിതരണ ശൃംഖലയെ കൂടുതൽ വിശ്വസനീയമാക്കാൻ ഇതിലൂടെ സാധിക്കും. സമീപകാലത്തെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ക്രൂഡ് ഓയിലിനേക്കാൾ എൽപിജി വിതരണത്തിലെ ബലഹീനതകളാണ് വെളിപ്പെടുത്തിയത്.
സംഘർഷസമയത്ത് ക്രൂഡ് ഓയിൽ വിതരണം താരതമ്യേന സുസ്ഥിരമായിരുന്നെങ്കിലും ആവശ്യത്തിന് എൽപിജി ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ അനുഭവം കണക്കിലെടുത്താണ് ഇറക്കുമതി സ്രോതസ്സുകൾ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇന്ത്യ ചിന്തിച്ചത് എന്ന് വിദഗ്ധർ പറയുന്നു.
Content Highlights: India aims to double contracted LPG imports from the US in 2026. Strategy focuses on reducing over-reliance on Gulf nations for cooking gas. Diversification includes exploring new sources like Algeria. Government is developing a 30-day strategic LPG reserve plan. Geopolitical tensions in West Asia highlighted the need for supply chain resilience.