നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് നല്‍കിയ വിവരം. യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം അന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: The Indian government refuted claims that Nimisha Priya`s death sentence in Yemen has been revoked