'ഗൾഫിലെ ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഒരേയൊരു രാജ്യം ഇന്ത്യ'; ബ്രിട്ടൺ വിളിച്ച യോഗത്തിൽ കേന്ദ്രം

#ന്യൂസ് ഡെസ്ക്
ഹോര്‍മുസ് കടലിടുക്കിലേക്ക് ചരക്ക് കപ്പലുകള്‍ സഞ്ചരിക്കുമ്പോള്‍ (ഫയല്‍) |ഫോട്ടോ:AP
ഹോര്‍മുസ് കടലിടുക്കിലേക്ക് ചരക്ക് കപ്പലുകള്‍ സഞ്ചരിക്കുമ്പോള്‍ (ഫയല്‍) |ഫോട്ടോ:AP

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഗൾഫിലെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് രാജ്യത്തെ പ്രതിനിധീകരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യമൊരുക്കാനാണ് ബ്രിട്ടൻ രാജ്യങ്ങളുടെ യോഗം വിളിച്ചത്. ഇതിൽ യുഎസ് പങ്കെടുത്തില്ല. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യത്തിന്റെയും സുഗമമായ സഞ്ചാരത്തിന്റെയും പ്രാധാന്യം യോഗത്തിൽ ഇന്ത്യ ഊന്നിപ്പറഞ്ഞു.

അമേരിക്ക-ഇറാൻ യുദ്ധം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുണ്ടാക്കിയ വെല്ലുവിളികളെ കുറിച്ചും മിസ്‌രി സംസാരിച്ചു. 'ഗൾഫിലെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്നതാണ് വസ്തുത. ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള വഴി, സംഘർഷം ലഘൂകരിക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും വഴിയിലേക്ക് മടങ്ങിവരിക എന്നതുമാണ്' ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി യോഗത്തിൽ പറഞ്ഞു.

വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് നാവികർ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

Content Highlights: "We're Only Nation To Lose Mariners At Hormuz": India At Iran War Talks