ആദ്യം സ്വന്തം ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധിക്കൂ; ഉമർ ഖാലിദ് വിഷയത്തിൽ മംദാനിയോട് ഇന്ത്യ

സൊഹ്റാൻ മംദാനി, ഉമർ ഖാലിദ് | ഫോട്ടോ - പിടിഐ, എപി
സൊഹ്റാൻ മംദാനി, ഉമർ ഖാലിദ് | ഫോട്ടോ - പിടിഐ, എപി

ന്യൂഡൽഹി: ജയിലിലടയ്ക്കപ്പെട്ട ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദിന് കത്തിലൂടെ പിന്തുണ അറിയിച്ച ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിക്ക് വിദേശകാര്യ വകുപ്പിന്റെ വിമർശനം. മംദാനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോട് ബഹുമാനം കാണിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടപ്പോൾ മംദാനി കൈകൊണ്ട് എഴുതിയ ഒരു കത്ത് കൈമാറിയിരുന്നു. ഈ കത്തിലാണ് ഉമർ ഖാലിദിനോടുള്ള ഐക്യദാർഢ്യം മംദാനി അറിയിച്ചത്. 'പ്രിയ ഉമർ, വിദ്വേഷത്തെക്കുറിച്ചുള്ള നിന്റെ വാക്കുകളെക്കുറിച്ചും അത് ഒരാളെ നശിപ്പിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷം. ഞങ്ങളെല്ലാം നിന്നെക്കുറിച്ച് ചിന്തിക്കുന്നു.' മംദാനി എഴുതി.

'മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പൊതുപ്രതിനിധികൾ ബഹുമാനം കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ പക്ഷപാതങ്ങൾ പ്രകടിപ്പിക്കുന്നത് ഈ സ്ഥാനത്തിരിക്കുന്നവർക്ക് ചേർന്നതല്ല. ഇത്തരം അഭിപ്രായങ്ങൾക്ക് പകരം, അവർക്ക് നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.' ചോദ്യത്തിന് മറുപടിയായി ജയ്സ്വാൾ പറഞ്ഞു,

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ ആദ്യകാല ഔദ്യോഗിക കാലയളവിലാണ് ഉമർ ഖാലിദിനുള്ള മംദാനിയുടെ പിന്തുണ ആരംഭിക്കുന്നത്. 2023 ജൂണിൽ, പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിൽ ഖാലിദിന്റെ ജയിൽ ഡയറിയിൽനിന്നുള്ള ഭാഗങ്ങൾ മംദാനി വായിക്കുകയും ചെയ്തു.

മംദാനിയെ ഡിസംബർ 9-ന് ഉമർ ഖാലിദിന്റെ പിതാവ് സയ്യിദ് കാസിം റസൂൽ ഇല്യാസ് സന്ദർശിച്ചിരുന്നു. 2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അഞ്ച് വർഷമായി ഉമർ ഖാലിദ് ജയിലിലാണ്, കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 16 മുതൽ 29 വരെ ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: India`s Ministry of External Affairs criticizes NYC Mayor Eric Adams for supporting a Delhi riots accused, urging focus on responsibilities and respecting judicial independence.