ഡല്‍ഹി വിമാനത്താവളത്തിന് സമീപം വിമാനങ്ങള്‍ക്ക് ജിപിഎസ് സ്പൂഫിംഗ് നേരിടേണ്ടി വന്നു; വെളിപ്പെടുത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന വിമാനത്താവളങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജിപിഎസ് സ്പൂഫിംഗ് നേരിടേണ്ടി വന്നുവെന്ന് കേന്ദ്രസർക്കാർ. തിങ്കളാഴ്ച രാജ്യസഭയില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാനെടുക്കുന്ന നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 2023 നവംബറില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ജിപിഎസ് ജാമിംഗ് അല്ലെങ്കില്‍ സ്പൂഫിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുശേഷം, രാജ്യത്തെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും പതിവായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നിറങ്ങുകയായിരുന്ന ചില വിമാനങ്ങള്‍, റണ്‍വേ 10-ല്‍ ഉപഗ്രഹാധിഷ്ഠിത ലാന്‍ഡിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജിപിഎസ് സ്പൂഫിംഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി നായിഡു പറഞ്ഞു.
ഈ വിമാനങ്ങള്‍ക്കായി അടിയന്തര നടപടിക്രമങ്ങള്‍ സജീവമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഗ്രൗണ്ട് നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് റണ്‍വേകളിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി എസ്. നിരഞ്ജന്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനത്തിൽ ( Global Navigation Satellite system (GNSS) ഇടപെടല്‍ ഭീഷണി നേരിടുന്നതിനായി, ഡിജിസിഎ 2023 നവംബറില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ, ഐജിഐഎ-ക്ക് ചുറ്റുമുള്ള ജിപിഎസ് സ്പൂഫിംഗ് സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി, 2025 നവംബര്‍ 10-ന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും (SOP) പുറത്തിറക്കിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തില്‍ അസ്വാഭാവികത കണ്ടെത്തുമ്പോള്‍ പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഈ എസ്ഒപിയില്‍ നിര്‍ദേശിക്കുന്നത്.
ആഗോളതലത്തിലെ മികച്ച രീതികള്‍ക്ക് അനുസൃതമായി, പരമ്പരാഗതവും ഭൂമിയില്‍ അധിഷ്ഠിതവുമായ നാവിഗേഷന്‍, നിരീക്ഷണ സംവിധാനങ്ങളുടെ ഒരു മിനിമം ഓപ്പറേറ്റിംഗ് നെറ്റ്വര്‍ക്ക് (MON) ഇന്ത്യ നിലനിര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍ തടസ്സപ്പെടുമ്പോള്‍ ഈ സംവിധാനങ്ങള്‍ വിശ്വസനീയമായ ബദല്‍ മാര്‍ഗ്ഗം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തരം ഇടപെടലുകളുടെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ സഹായിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷനോട് (WMO) ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു ഉന്നതതല യോഗത്തില്‍, കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കാനും സിഗ്‌നലുകളുടെ ഉറവിടം കണ്ടെത്താനായി ഡിജിസിഎയും എഎഐയും പങ്കുവെച്ച സ്പൂഫിങ് ലൊക്കേഷന്‍ ഡാറ്റ ഉപയോഗിക്കാനും ഡബ്ല്യുഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രധാന സംവിധാനങ്ങളെ ലക്ഷ്യമിടുന്ന റാന്‍സംവെയര്‍, മാല്‍വെയര്‍ എന്നിവയുള്‍പ്പെടെ വ്യോമയാന മേഖലയിലെ വിശാലമായ സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. ഈ ഭീഷണികളെ നേരിടാന്‍, എഎഐ അതിന്റെ ഐടി ശൃംഖലകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉടനീളം നൂതന സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ വിന്യസിക്കുന്നുണ്ട്. നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (NCIIPC), ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) എന്നിവ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ നവീകരണങ്ങള്‍ നടപ്പിലാക്കുന്നത്.
Content Highlights: Government confirms GPS spoofing incidents near Delhi Airport and other major Indian airports. Learn about affected flights, safety measures, and ongoing investigations.