‘അനുചിതം, അങ്ങേയറ്റം അപകീർത്തികരം’; ട്രംപിന്റെ ‘നരകം’ പരാമർശത്തിനെതിരേ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയെ 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിക്കുന്ന എഴുത്ത് പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഉണ്ടായ ഈ അധിക്ഷേപകരമായ വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെ തകർക്കുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഈ പരാമർശങ്ങൾ അനുചിതവും അപകീർത്തികരവും യാഥാർഥ്യത്തിന് നിരക്കാത്തതുമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
മൈക്കൽ സാവേജ് എന്ന റേഡിയോ അവതാരകൻ തന്റെ 'സാവേജ് നേഷൻ' എന്ന പോഡ്കാസ്റ്റിൽ ഇന്ത്യയെയും ചൈനയെയും മറ്റ് രാജ്യങ്ങളെയും 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാരെ 'ലാപ്ടോപ്പുകളുള്ള ഗുണ്ടകൾ' എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് നിയമത്തിനെതിരായ ചർച്ചകൾക്കിടെയായിരുന്നു മൈക്കൽ സാവേജിന്റെ ഈ പരാമർശം. ഈ പോഡ്കാസ്റ്റിന്റെ വീഡിയോയും ട്രാൻസ്‌ക്രിപ്റ്റും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചതാണ് വിവാദത്തിനും വലിയ നയതന്ത്ര പ്രതിസന്ധിക്കും കാരണമായത്.
ജനനമനുസരിച്ച് പൗരത്വം നൽകുന്ന അമേരിക്കയിലെ പൗരത്വ നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സാവേജ് ഈ പോഡ്കാസ്റ്റിൽ സംസാരിച്ചത്. ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള ആളുകൾ അമേരിക്കയിൽ വന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ അവർക്ക് ഉടനടി അമേരിക്കൻ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവൻ ഈ 'നരകകുഴികളിൽ' നിന്നും അമേരിക്കയിലേക്ക് കൊണ്ടുവരികയുമാണെന്നാണ് സാവേജിന്റെ ആരോപണം.
അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഇന്ത്യയിൽനിന്നോ ചൈനയിൽനിന്നോ ഉള്ളവർ ഇവിടെ വന്ന് പ്രസവിക്കുന്നതിലൂടെ ആ കുട്ടിക്ക് ഉടൻ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് ആ കുട്ടിവഴി അവരുടെ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കുന്നുവെന്നും ട്രംപ് പങ്കുവെച്ച ട്രാൻസ്‌ക്രിപ്റ്റിൽ പറയുന്നു.
കാലിഫോർണിയയിലെ സാങ്കേതിക മേഖലയിലെ ജോലികളിൽ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവർ ആധിപത്യം പുലർത്തുന്നു. അതിനാൽ മറ്റുള്ളവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു. ജനനത്തിലൂടെയുള്ള പൗരത്വം സംബന്ധിച്ച കാര്യങ്ങൾ കോടതികളോ അഭിഭാഷകരോ അല്ല തീരുമാനിക്കേണ്ടതെന്നും മറിച്ച് ഒരു ദേശീയ വോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്നുമുള്ള സാവേജിന്റെ നിലപാടുകളും ഈ ട്രാൻസ്‌ക്രിപ്റ്റിലുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റി. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തെ അപമാനിച്ച ട്രംപിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തത് സർക്കാരിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ട്രംപിന്റെ അപമാനകരമായ പരാമർശങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അദ്ദേഹം ഒരു 'ദുർബലനായ പ്രധാനമന്ത്രി' ആയതുകൊണ്ടാണെന്നും കോൺഗ്രസ് ആരോപിച്ചു. ട്രംപിനെതിരേ ഔദ്യോഗികമായി പ്രതിഷേധിക്കാൻ അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവം വിവാദമായതോടെ നിപാട് തിരുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ മികച്ച രാജ്യമായി കാണുന്നുവെന്നും ഇന്ത്യയെ നയിക്കുന്നത് തന്റെ വളരെ നല്ലൊരു സുഹൃത്താണെന്നുമായിരുന്നു ട്രംപിന്റെ മലക്കം മറിച്ചിൽ.
Content Highlights: Indian Ministry of External Affairs officially condemned Trump's post labeling India as 'Hell on Earth'., The controversy stemmed from a podcast shared by Trump regarding US birthright citizenship., Indian opposition parties criticized PM Modi for his silence on the issue., Trump later attempted to walk back the comments, calling India a great country and himself a friend of the Indian leadership.