ഇന്ത്യയിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ തീവ്രതയില്‍ കുറവെന്ന് റിപ്പോർട്ട്

#സ്വന്തം ലേഖകൻ
Representational Image: Photo:  ANI
Representational Image: Photo: ANI

ന്യൂഡൽഹി: ഇന്ത്യ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന തോതിന്റെ തീവ്രത 2025-ൽ കുറഞ്ഞെന്ന് റിപ്പോർട്ട്. എന്നാൽ, മുൻവർഷത്തെക്കാൾ 1.4 ശതമാനത്തിന്റെ കുറവുമാത്രമേയുള്ളൂ. ബ്രസീലിലെ ബെലെമിൽ നടക്കുന്ന ആഗോളകാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി-30) 130-ലേറെ വരുന്ന കാലാവസ്ഥാശാസ്ത്രജ്ഞരും ഗവേഷണസ്ഥാപനങ്ങളുമുൾപ്പെട്ട ആഗോളശൃംഖല അവതരിപ്പിച്ച ഗ്ലോബൽ കാർബൺ ബജറ്റ്-2025 റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

പാരമ്പര്യേതര ഊർജോത്പാദനത്തിലുണ്ടായ പുരോഗതി, കൽക്കരി ഉപയോഗത്തിന്റെ തോത് കൂടാതിരുന്നത്, കാലവർഷത്തിന്റെ നേരത്തേയുള്ള വരവ് എന്നിവയാണ് കാർബൺ ബഹിർഗമനത്തിന്റെ തീവ്രതകുറയാൻ വഴിയൊരുക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, മൊത്തത്തിലുള്ള കാർബൺ ബഹിർഗമനത്തിന്റെ തോത് കുറഞ്ഞെന്ന് ഇതിനർഥമില്ല. അത് ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുകയാണ്.

ആഗോളതലത്തിൽ കാർബൺഡയോക്സൈഡ് പുറന്തള്ളലിന്റെ തോത് 2025 അവസാനിക്കുമ്പോൾ 3810 കോടി ടണ്ണിലെത്തുമെന്ന് റിപ്പോർട്ട് പറയുന്നു. 2024-ലേക്കാൾ 1.1 ശതമാനം അധികമാണിത്. ചൈനയുടെ കാർബൺ ബഹിർഗമനം 2025-ൽ മൂന്ന് ശതമാനം ഉയരും. ലോകത്ത് ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിൽ രണ്ടാമതുള്ള യുഎസിൽ പുറന്തള്ളൽതോത് ഈ വർഷം 2.2 ശതമാനം കുറയും. യൂറോപ്യൻയൂണിയനിൽ 4.2 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

യുഎസും യൂറോപ്യൻയൂണിയനും ചൈനയും ഇന്ത്യയുമാണ് ലോകത്തെ മൊത്തം കാർബൺ പുറന്തള്ളലിന്റെ 60 ശതമാനവും നടത്തുന്നത്. ഈ നൂറ്റാണ്ടിലെ ആഗോളതാപനത്തിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കാർബൺ ഡയോക്സൈഡിന്റെ തോത് 17000 കോടി ടൺ ആയി പിടിച്ചുകെട്ടാനാണ് ശ്രമം. 2015-നും 2024-നുമിടയിൽ 35 രാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരുന്നതിൽ വിജയിച്ചെന്നും റിപ്പോർട്ട് കണ്ടെത്തി.

Content Highlights: India`s carbon dioxide emission intensity decreased in 2025, but overall emissions are still rising. Learn more about the Global Carbon Budget-2025 report.