ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു; അതിര്‍ത്തി പ്രശ്‌നം പരിഹരിക്കും, പരസ്പര വിശ്വാസം കൂട്ടാനും ധാരണ

2019ലെ ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും| Photo: PTI
2019ലെ ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും| Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുക്കി ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ച. ഇരുരാജ്യവും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ഒന്‍പതുമാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു.

2020-ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന ഇന്ത്യ-റഷ്യ-ചൈന അടുപ്പത്തിന്റെ പ്രതിഫലനവും ഈ നീക്കങ്ങളിലുണ്ട്. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈമാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ചൈനാസന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ചനടത്തിയത്.

അതിര്‍ത്തികള്‍ ശാന്തമാണ്. സമാധാനം നിലനില്‍ക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതിയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകപ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. റഷ്യയിലെ കസാനില്‍ കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍നടന്ന ചര്‍ച്ച ഇരുരാജ്യത്തിനും പ്രയോജനകരമായെന്നും ഡോവല്‍ പറഞ്ഞു.

ഇരുരാജ്യവും തന്ത്രപ്രധാനമായ ആശയവിനിമയംവഴി പരസ്പരവിശ്വാസം കൂട്ടണമെന്നും അതിര്‍ത്തിപ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന് ചൈന വലിയപ്രാധാന്യം കല്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിക്ക് ക്ഷണക്കത്ത്

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ചൈനീസ് വിദേശകാര്യമന്ത്രി തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തിയത്. വാങ് യി ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സന്ദേശവും എസ്സിഒ ഉച്ചകോടിക്കുള്ള ക്ഷണക്കത്തും വാങ് യി മോദിക്ക് കൈമാറി. ഇന്ത്യ-ചൈന സുസ്ഥിരബന്ധം മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിനും പുരോഗതിക്കും സഹായകമാകുമെന്ന് മോദി പ്രതികരിച്ചു.

ബ്രഹ്‌മപുത്ര നദിയിലെ ചൈനയുടെ അണക്കെട്ടുനിര്‍മാണം ചര്‍ച്ചയാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ, ബ്രഹ്‌മപുത്ര നദിയില്‍ ചൈനനടത്തുന്ന വലിയ അണക്കെട്ടുനിര്‍മാണം ഉന്നയിച്ച് ഇന്ത്യ. നദിയുടെ താഴെഭാഗത്തെ തീരങ്ങളില്‍ ഇത് വലിയ പ്രതിസന്ധിസൃഷ്ടിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്.

Content Highlights: India-China Relations Thaw: Border Dispute Resolution and Confidence-Building Measures Agreed Upon