ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് ആദ്യവിമാനം പറന്നു, അഞ്ച് വര്‍ഷത്തിനുശേഷം | VIDEO

കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇൻഡിഗോ വിമാനത്തിൽ കയറാൻ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന യാത്രികര്‍ | Photo : PTI
കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇൻഡിഗോ വിമാനത്തിൽ കയറാൻ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന യാത്രികര്‍ | Photo : PTI

ന്യൂ‍ഡൽഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിച്ചു. അഞ്ച് വർഷത്തത്തെ ഇടവേളയ്ക്കുശേഷമുള്ള ആദ്യ വിമാന സര്‍വീസായ കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10.07ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ചു. പ്രാദേശികസമയം പുലര്‍ച്ചെ 4.05 ന്  വിമാനം ഗ്വാങ്ചൗവിലെത്തും. 

ഷാങ്ഹായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ ഒമ്പതുമുതല്‍ പുനരാരംഭിക്കും. അതേസമയം, ഇന്‍ഡിഗോയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഗ്വാങ്ചൗ വിമാന സര്‍വീസ് നവംബര്‍ 10 മുതല്‍ ആരംഭിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഒക്ടോബർ അവസാനത്തോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ 2020-ല്‍ കോവിഡ് വ്യാപനത്തോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയും ചെയ്തു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.

കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി വ്യാപാരം, കൈലാസ്‌ മാനസസരോവര്‍ തീര്‍ഥാടന യാത്രകള്‍ എന്നിവ തുടരാനും ആ യോഗത്തില്‍ ധാരണയായിരുന്നു. നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും ഇരുഭാഗത്തേക്കും വിസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായിട്ടുണ്ട്.

Content Highlights: Direct flights between India and China have resumed after a five-year break, with the Kolkata-Guangzhou Indigo flight marking the first service. This move aims to normalize bilateral ties.