സെൻസസിൽ ഇനി ജാതിയും; വിവരശേഖരണത്തിനുള്ള 40 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ വിവരശേഖരണത്തിന് ആരായാനുള്ള നാൽപ്പത് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. ജാതി, കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് ചോദ്യങ്ങൾ. ശൈത്യമേഖലകളിൽ സെപ്റ്റംബർ ഒന്നാംതീയതി മുതലാണ് രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ലഡാക്കിലെയും ജമ്മു കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ശൈത്യമേഖലകളിൽ ജനസംഖ്യ കണക്കെടുപ്പ് സെപ്റ്റംബർ ഒന്ന് മുതൽ മുപ്പതാം തീയതി വരെ നടക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 17-31 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ പോപ്പുലേഷൻ എന്യൂമറേഷൻ (പിഇ) അടുത്തവർഷമാണ് ആരംഭിക്കുക.
സെൻസസിന്റെ ഭാഗമായി ഇതാദ്യമായാണ് ജാതി സംബന്ധിച്ചുള്ള വിവരങ്ങൾ ആരായുന്നത്. വൈവാഹികനില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, എസ് സി-എസ്ടി വിഭാഗത്തിൽപ്പെടുന്നവരാണോ, ജാതി, ഭിന്നശേഷിയുള്ള ആളാണോ, മാതൃഭാഷ ഏതാണ്, അറിയാവുന്ന മറ്റു ഭാഷകൾ ഏതൊക്കെ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ആരായും.
വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്‌സിനേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവയും ചോദിക്കും.
Content Highlights: Centre notified 40 questions for the second phase of the census process., First time ever, caste-related information will be collected during the census., Phase 2 data collection begins on September 1 in snow-bound regions like Ladakh and Jammu & Kashmir., Self-enumeration window is available from August 17 to 31., Questions include COVID-19 vaccination details, citizenship, marital status, and bank account info.