സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ജാതിസെൻസസിന് കേന്ദ്രതീരുമാനം; പ്രതിപക്ഷവിജയമെന്ന് ഇന്ത്യസഖ്യം

ന്യൂഡൽഹി: ഒടുവിൽ ജാതിസെൻസസിന് വഴങ്ങി കേന്ദ്രസർക്കാർ. അടുത്ത പൊതു സെൻസസിനൊപ്പം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ജാതിസെൻസസ് നടത്താൻ തീരുമാനം.
രാഹുൽഗാന്ധിയും ഇന്ത്യസഖ്യവും നിരന്തരം ഉന്നയിക്കുന്ന ജാതിസെൻസസ് എന്ന ആവശ്യത്തിന് വഴങ്ങിയ മോദിസർക്കാർ, ബിഹാർ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അടിയന്തരപ്രഖ്യാപനം നടത്തിയത്. എന്നാൽ അടുത്ത പൊതു സെൻസസ് എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമാക്കിയില്ല. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ ഉപസമിതിയാണ് പൊതു സെൻസസിനൊപ്പം ജാതിസെൻസസും നടത്താൻ തീരുമാനിച്ചത്.
ജാതിസെൻസസ് മുദ്രാവാക്യം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കുമെന്ന രാഷ്ട്രീയതിരിച്ചറിവിലാണ് നിർണായകനീക്കം. പ്രതിപക്ഷപ്പാർട്ടികൾക്കൊപ്പം എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും എൽജെപിയും ജാതിസെൻസസ് ആവശ്യമുയർത്തിയിരുന്നു. ജാതിസെൻസസ് തീരുമാനത്തെ കോൺഗ്രസും പ്രതിപക്ഷപ്പാർട്ടികളും സ്വാഗതംചെയ്തു. ചരിത്രപരമായ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെയും ഇന്ത്യസഖ്യത്തെയും വിമർശിച്ചാണ് ജാതിസെൻസസ് തീരുമാനം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷാന്തരീക്ഷത്തിൽ പിരിമുറുക്കമേറിയ പശ്ചാത്തലത്തിൽ ബുധനാഴ്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ്, ജാതിസെൻസസ് നടത്താനുള്ള തീരുമാനം വിശദീകരിച്ചത്.
വാർത്താസമ്മേളനത്തിന്റെ ഒടുവിൽ, തനിക്ക് ഒരു തീരുമാനംകൂടി അറിയിക്കാനുണ്ടെന്ന് പറഞ്ഞ് മന്ത്രി കീശയിൽനിന്ന് ഒരു കടലാസെടുത്ത് ജാതിസെൻസസ് തീരുമാനം വായിക്കുകയായിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ മടങ്ങുകയുംചെയ്തു.
2011-ലാണ് രാജ്യത്ത് ഒടുവിൽ സമ്പൂർണ സെൻസസ് നടത്തിയത്. പത്തുവർഷം കൂടുമ്പോൾ നടത്തേണ്ട സെൻസസ് 2021-ൽ കോവിഡ് വ്യാപനംമൂലം നടന്നില്ല.
Content Highlights: India`s government has finally agreed to conduct a caste census alongside the next general census