ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തം; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി

രാഹുല്‍ ഗാന്ധി, നിര്‍മ്മല സീതാരാമന്‍
രാഹുല്‍ ഗാന്ധി, നിര്‍മ്മല സീതാരാമന്‍

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തമാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്ന ബജറ്റാണിതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തൊഴിലില്ലായ്മ, നിക്ഷേപകരുടെ പിന്മാറ്റം, കർഷകരുടെ ദുരിതം തുടങ്ങിയ വിഷയങ്ങൾ ബജറ്റ് അവഗണിച്ചെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

“അദ്ദേഹം പറയുന്ന ‘തിരുത്തൽ’ എന്താണെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. ആഗോളപ്രശ്നങ്ങളാൽ അനിശ്ചിതത്വമുള്ള പല മേഖലകളിൽ, പ്രത്യേകിച്ച് എം.എസ്.എം.ഇ., ടെക്സ്‌റ്റൈൽ, തുകൽ മേഖലകൾക്കും കർഷകർക്കും വനിതാസംരംഭകർക്കും സർക്കാർ വിവിധ പദ്ധതികൾ കൊണ്ടുവന്നു. ഇങ്ങനെയാണ് സർക്കാർ സാധാരണജനങ്ങളിലേക്ക് എത്തുന്നത്. ഗ്രാമീണമേഖലകളിലെ സ്ത്രീകൾക്ക് വലിയ മാറ്റം കൊണ്ടുവന്ന ‘ലക്ഷപതി ദീദി’ പദ്ധതി ഇതിനുദാഹരണമാണ്. അടുത്തഘട്ടമായി വനിതകൾക്ക് ഷീ മാർട്ടുകൾ സ്ഥാപിക്കും” -മന്ത്രി പറഞ്ഞു. രാഷ്ട്രീയവിമർശനം സ്വാഭാവികമാണെന്നും വസ്തുതകളോടെ വിമർശിച്ചാൽ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Finance Minister Nirmala Sitharaman defends India`s robust economy and inclusive budget, addressing concerns about unemployment, farmer distress, and MSME support. Click to learn more!