കേന്ദ്ര ബജറ്റ്:‘വെല്ലുവിളി’ഏറ്റെടുക്കുന്ന സംസ്ഥാനങ്ങളെ കാത്ത് അഞ്ച് മികച്ച പദ്ധതികൾ,നേട്ടം കൊയ്യാം

#ഷൈൻ മോഹൻ
നിര്‍മല സീതാരാമന്‍ 2026-ലെ ബജറ്റ് അവതരണത്തിനെത്തുന്നു (ഫയല്‍ചിത്രം) | Photo: PTI
നിര്‍മല സീതാരാമന്‍ 2026-ലെ ബജറ്റ് അവതരണത്തിനെത്തുന്നു (ഫയല്‍ചിത്രം) | Photo: PTI

ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് മികച്ച പദ്ധതികൾ നേടിയെടുക്കാൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കേണ്ടിവരും.

‘വെല്ലുവിളി മാർഗ’ത്തിലൂടെയാണ് (ചാലഞ്ച് മോഡ്, ചാലഞ്ച് റൂട്ട് എന്നിങ്ങനെയാണ് ബജറ്റിലെ പരാമർശങ്ങൾ) ഇവ നേടിയെടുക്കേണ്ടതെന്ന് ബജറ്റിൽ പറയുന്നു. അതായത്, ഈ പദ്ധതികൾ നടപ്പാക്കാനുള്ള ഭൂമി ഉൾപ്പെടെയുള്ള സൗകര്യങ്ങളുൾപ്പെടെ മികച്ച പ്രോജക്ടുമായി കേന്ദ്രത്തെ സമീപിക്കുന്ന സംസ്ഥാനങ്ങൾക്ക് നേട്ടംകൊയ്യാം. വെല്ലുവിളിയേറ്റെടുത്താൽ കേരളത്തിനും മികച്ച പദ്ധതികൾ നേടിയെടുക്കാം. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ് ലക്ഷ്യം

അടിസ്ഥാന സൗകര്യവികസനത്തിന് 5,000 കോടി ലഭിക്കുന്ന നഗര സാമ്പത്തിക മേഖലാ പദ്ധതി, അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ, മൂന്ന് കെമിക്കൽ പാർക്കുകൾ, മെഗാ ടെക്‌സ്റ്റൈൽ പാർക്കുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയാണ് വെല്ലുവിളി മാർഗത്തിലൂടെ മത്സരിച്ച് നേടിയെടുക്കാവുന്ന പദ്ധതികൾ. ഇതിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനം കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയാണെന്ന് ബജറ്റിൽ പ്രത്യേകം പറയുന്നുണ്ട്. മറ്റ് നാല് പദ്ധതികൾക്ക് വേണ്ടിയും കേരളത്തിന് മത്സരിക്കാം.

പ്രധാന വ്യവസായ ഇടനാഴികളോട് ചേർന്ന് അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് ബജറ്റിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിക്കവേ, എങ്ങനെയാണ് മത്സരിക്കേണ്ടതെന്ന സൂചന ധനമന്ത്രി നൽകിയിരുന്നു. ‘ഭൂമി നൽകാൻ തയ്യാറാവുന്ന സംസ്ഥാനങ്ങൾ’ എന്നത് ഒരു മാനദണ്ഡമായി മന്ത്രി പറയുകയും ചെയ്തു. ഒന്നിലേറെ സർവകലാശാലകളും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളുമടങ്ങുന്ന പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ നടപടികളുമായി വേഗത്തിൽ മുന്നേറുന്നവർക്ക് മേൽക്കൈ ലഭിക്കാം.

ടയർ ടു, ടയർ ത്രീ നഗരങ്ങളുടെയും ക്ഷേത്ര നഗരങ്ങളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന പദ്ധതിയും ബജറ്റിലുണ്ട്. നഗര സാമ്പത്തികമേഖലകൾ സ്ഥാപിച്ചെടുത്ത് മികച്ച പദ്ധതികൾ ആവിഷ്കരിച്ച് കൃത്യമായി നടപ്പാക്കുന്നവർക്ക് 5,000 കോടി നേടിയെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താം.

സാങ്കേതിക വസ്ത്ര നിർമാണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് മെഗാ ടെക്‌സ്റ്റൈൽ പാർക്ക് പദ്ധതി. വ്യവസായ രംഗത്തും മെഡിക്കൽ-പ്രതിരോധ മേഖലകളിലും വേണ്ട യൂണിഫോം അടക്കമാണിവിടെ നിർമിക്കുക. ആഭ്യന്തര കെമിക്കൽ ഉത്പാദനം വർധിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനാണ് ഡെഡിക്കേറ്റഡ് കെമിക്കൽ പാർക്കുകൾ നൽകുന്നത്. എന്നാൽ, ഇവയെല്ലാം നേടിയെടുക്കൽ എത്രത്തോളം വെല്ലുവളിയാകുമെന്നാണ് അറിയാനുള്ളത്.

Content Highlights: States can compete for 5 major schemes announced in the Union Budget 2024, focusing on infrastructure, education, and industry. Learn how to win these development projects.