രാഷ്ട്രപതി ‘വോട്ട് ചോരി’ നിഷേധിക്കുമെന്ന് കരുതി, എന്നാൽ അതുണ്ടായില്ല; തെളിവുകൾ ചോദിച്ചു-കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ

ന്യൂഡൽഹി: വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്ന് രാജ്യത്തെ മുഴുവൻ ആളുകൾക്കും അറിയാമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതിന്റെ മുഖ്യ ആസൂത്രകൻ നരേന്ദ്ര മോദിയാണ്. അമിത് ഷായും ഗ്യാനേഷ് കുമാറും അത് നടപ്പാക്കുന്നവരാണ്. ഇന്ന് രാഷ്ട്രപതിയും ഈ വസ്തുത നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവുമായി മറ്റ് ഇന്ത്യാസഖ്യ നേതാക്കൾക്കൊപ്പം കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവിശ്വസനീയമെന്ന് തോന്നുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് താൻ സാക്ഷിയായത്. ഞങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു നിവേദനം സമർപ്പിച്ചു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആ നിവേദനത്തിൽ ഞങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി ഒരുതരത്തിലും നിഷേധിച്ചില്ല. അവയെ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വാദം അവർ അംഗീകരിക്കുകയും തുടർന്ന് 'വോട്ട് മോഷണത്തിന്റെ' തെളിവുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, രാഹുൽ പറഞ്ഞു.
രാജ്യത്തിനാകമാനം 'വോട്ട് മോഷണത്തിന്റെ' തെളിവുകൾ അറിയാമെന്ന് ഞാൻ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും മോഷ്ടിക്കപ്പെട്ടു. എന്നിട്ടും രാഷ്ട്രപതി ഞങ്ങളോട് തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയാണ്. ഞങ്ങൾ ശേഖരിച്ച തെളിവുകൾ സ്വീകരിക്കാൻ രാഷ്ട്രപതി തയ്യാറാകുമ്പോൾ അവർക്കു മുന്നിൽ സമർപ്പിക്കാൻ ഈ സംഘം സന്തോഷത്തോടെ തയ്യാറാണ്, രാഹുൽ പറഞ്ഞു. 'വോട്ട് മോഷണം' നടക്കുന്നുണ്ടെന്ന ആരോപണം രാഷ്ട്രപതി നിഷേധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ഇന്ത്യയിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് സംവിധാനമാണ് നിലവിലുള്ളതെന്ന് അവർ പറയുമെന്നും കരുതി. എന്നാൽ ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി അംഗീകരിച്ചത് എന്നെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്‌തെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യാസഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതിയെ കണ്ടതിനെക്കുറിച്ചും നിവേദനം സമർപ്പിച്ചതിനെക്കുറിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിശദീകരിച്ചു.
‘വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭത്തെക്കുറിച്ച് രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാനാണ് ഞങ്ങൾ പോയത്. ഞങ്ങളുടെ വാദങ്ങൾ പൂർണമായി അവതരിപ്പിച്ചു. വോട്ട് ചോരിയും ഗ്യാനേഷ് കുമാർ വരുത്തിയ ഗുരുതരമായ പിഴവും ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങൾ മാറ്റിവെച്ച് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു, ഖാർഗെ പറഞ്ഞു.
വോട്ട് ചോരി നടന്ന സംഭവങ്ങളുടെ തെളിവുകൾ രാഷ്ട്രപതി ആവശ്യപ്പെട്ടതായും ഖാർഗെ പറഞ്ഞു. തെളിവുകൾ ഇപ്പോൾ ഞങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അവ രാഷ്ട്രപതിക്ക് സമർപ്പിക്കും. പ്രസക്തമായ മറ്റ് വിവരങ്ങളും കൈമാറും. ഏറ്റവും പ്രധാനമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അതിനായി സജീവമായി നടപടികൾ സ്വീകരിക്കുകയാണെന്നുംചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഞങ്ങളുടെ വാദങ്ങൾ ശ്രദ്ധാപൂർവം കേട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്നും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ നടപടികൾ തീരുമാനിക്കുമെന്നും അവർ അറിയിച്ചെന്നും ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എസ്പി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കാണാൻ പോയത്.
Content Highlights: Rahul Gandhi stated that President Droupadi Murmu did not deny the vote theft allegations made by the INDIA bloc., The opposition delegation submitted a memorandum accusing PM Narendra Modi, Amit Shah, and CEC Gyanesh Kumar of conspiring against democracy., The President asked the delegation to submit concrete evidence regarding the alleged vote theft in elections., Mallikarjun Kharge reiterated the demand to replace EVMs with ballot papers and stated evidence gathering is underway.