സെക്ഷൻ 16; നിയമ സംരക്ഷണം ചോദ്യംചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക്, ലക്ഷ്യം ഗ്യാനേഷ്

#ന്യൂസ് ഡെസ്ക്
ഇന്ത്യ സഖ്യ നേതാക്കൾ, ഗ്യാനേഷ് കുമാർ | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.
ഇന്ത്യ സഖ്യ നേതാക്കൾ, ഗ്യാനേഷ് കുമാർ | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.

ന്യൂഡൽഹി: 2023-ലെ നിയമപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും നൽകിയിരിക്കുന്ന നിയമപരിരക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യ സഖ്യം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ സംയുക്തമായി ഹർജി നൽകാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

2023-ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടിഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) നിയമത്തിലെ സെക്ഷൻ 16 പ്രകാരം, ഔദ്യോഗിക ചുമതലയോ പ്രവർത്തനമോ നിർവഹിക്കുന്നതിനിടെ ചെയ്തതോ ചെയ്യാൻ ശ്രമിച്ചതോ ആയ പ്രവൃത്തികൾ, കാര്യങ്ങൾ, പറഞ്ഞ വാക്കുകൾ എന്നിവയുടെ പേരിൽ സി.ഇ.സി.ക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും നിയമനടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നാണ് വ്യവസ്ഥ. 'ആണ് അല്ലെങ്കിൽ ആയിരുന്നു' എന്ന പ്രയോഗമാണ് സെക്ഷൻ 16-ൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നിലവിൽ പദവിയിലുള്ള സി.ഇ.സി.ക്കും ഇ.സി.ക്കുംമാത്രമല്ല, മുൻ സി.ഇ.സി.മാർക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും അവരുടെ ഔദ്യോഗിക ചുമതലയുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾക്ക് ഈ നിയമപരിരക്ഷ ബാധകമാവും.

അതേസമയം, എല്ലാ പ്രവൃത്തികൾക്കും ഈ നിയമം നിയമപരിരക്ഷ നൽകുന്നില്ല. ഔദ്യോഗിക ചുമതലയോ പ്രവർത്തനമോ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, കാര്യങ്ങൾ, വാക്കുകൾ എന്നിവയ്ക്കാണ് സെക്ഷൻ 16 പ്രകാരമുള്ള സംരക്ഷണം. അതിനാൽ എസ്.ഐ.ആർ. സംബന്ധിച്ച വിവാദത്തിൽ, ആരോപിക്കപ്പെടുന്ന പ്രത്യേക തീരുമാനമോ നടപടിയോ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായിരുന്നോ എന്നത് പ്രധാന നിയമപ്രശ്‌നമായി മാറും.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ആരോപിക്കപ്പെടുന്ന ഏകപക്ഷീയ തീരുമാനങ്ങളിൽ നടപടിയാവശ്യപ്പെട്ട് നേരത്തേതന്നെ സുപ്രീംകോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കമ്മിഷൻ ഏകകണ്ഠമായാണെടുത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

2023-ലെ നിയമം പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച ഘട്ടംമുതൽതന്നെ സി.ഇ.സി.ക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും നൽകുന്ന നിയമപരിരക്ഷയെ പ്രതിപക്ഷം ചോദ്യംചെയ്തുവരികയാണ്. നിയമപരിരക്ഷ സി.ഇ.സി.ക്ക് മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും ബാധകമാണെങ്കിലും, നിലവിലെ വിവാദങ്ങളുടെ കേന്ദ്രബിന്ദു ഗ്യാനേഷ്‌കുമാറാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ഈ വ്യവസ്ഥ ഗ്യാനേഷ് കുമാറിന് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും, ഇതുവഴി സർക്കാരിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രവർത്തിക്കാനും എസ്.ഐ.ആർ.പോലുള്ള വിവാദനടപടികൾ നടപ്പാക്കാനും സാഹചര്യമൊരുക്കിയെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണങ്ങളാണ് നിയമപരിരക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: INDIA bloc plans a joint Supreme Court petition against the 2023 law granting legal protection to CEC and ECs., Controversy centers around Section 16 of the Chief Election Commissioner Act, 2023, and the Special Intensive Revision (SIR) of electoral rolls.