ഡൽഹിയിലെ വിദ്യാർഥി വേട്ട: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ‘ഇന്ത്യ’; ചോദ്യച്ചോർച്ച തടയൽ ബിൽ ഇന്ന്

ന്യൂഡൽഹി: സി.ജെ.പി. സമരത്തിനിടെ ജന്തർ മന്തറിൽ വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരേ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യസഖ്യം. തിങ്കളാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രതിഷേധതന്ത്രം രൂപപ്പെടുത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
പ്രത്യേക നിർദേശമില്ലാതെ പോലീസ് ഇത്രയും ക്രൂരമായി വിദ്യാർഥികളെ വേട്ടയാടില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് ഉത്തരവാദിത്വം ഏൽക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പും പാർലമെന്റിൽ പ്രതിപക്ഷം ആവശ്യപ്പെടും.
ഇതിന് മുന്നോടിയായി പെല്ലറ്റടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരംനൽകിയതെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കത്തയച്ചു.
ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. അപ്പോൾത്തന്നെ പാസാക്കാനുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക. ബില്ലിനെ പിന്തുണയ്ക്കണോ എന്നത് ഇന്ത്യസഖ്യയോഗത്തിൽ തീരുമാനിക്കുമെന്ന് രാഹുൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രധാന്റെ രാജിയോടെ വിദ്യാർഥികൾ വിജയിച്ചെന്നും ലാത്തിയും ബാറ്റണും പെല്ലറ്റ് തോക്കും ഉപയോഗിച്ചവർക്കെതിരേ നടപടി സ്വീകരിക്കാനും മോദിക്ക് ക്ഷമാപണം നടത്താനുമുള്ള ഊഴമാണിനിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.