‘ബില്ലിനെ നമുക്കൊരുമിച്ച് പരാജയപ്പെടുത്താം’; സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് എക്സ് പോസ്റ്റുമായി രാഹുൽ

ചെന്നൈ: മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിനെ എതിർക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഇന്ത്യാ സഖ്യ നേതാക്കൾക്കൊപ്പം ചെന്നൈയിൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനെ കാണാൻ പോവുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെ.യുടെ തീരുമാനത്തിനു പിന്നാലെ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ബില്ലിനെ എതിർക്കാൻ സ്റ്റാലിനോടും ഡി.എം.കെ.യോടും ആവശ്യപ്പെടുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ അവസാനിപ്പിക്കുമെന്ന് രാഹുൽ കുറിച്ചു. ബി.ജെ.പി.-ആർ.എസ്.എസ്. സഖ്യത്തിന് തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം പുനർനിർണയിക്കാൻ ഇതിലൂടെ അനന്തമായ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് വിരുദ്ധ ശക്തികൾക്കെതിരേ എന്നും പാറപോലെ ഉറച്ചുനിന്ന നേതാവാണ് സഹോദരൻ സ്റ്റാലിൻ. ദേശീയ താത്പര്യവും തമിഴ്നാടിന്റെ താത്പര്യവും ഭരണഘടനാ സംരക്ഷണവും മുൻനിർത്തി ഈ ബില്ലിനെ നമുക്കൊരുമിച്ച് പരാജയപ്പെടുത്തേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഡി.എം.കെ. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ നീക്കം. സോണിയാ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, കപിൽ സിബൽ തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽനിന്ന് രണ്ട് വിമാനങ്ങളിലായാണ് പുറപ്പെട്ടത്.
Content Highlights: INDIA bloc senior leaders travel to Chennai to meet MK Stalin., Urges DMK to strongly oppose the delimitation constitutional amendment bills., Claims expansion to 850 seats threatens Indian democracy and redraws electoral maps.