മണിക്കൂറുകൾ പിന്നിട്ട് ഇന്ത്യ മുന്നണി പ്രതിഷേധം,പങ്കെടുത്ത് BJDയും; തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിട്ടേ പോകൂവെന്ന് രാഹുൽ

#ന്യൂസ് ഡെസ്ക്
പ്രതിഷേധത്തിനിടെ രാഹുല്‍ |ഫോട്ടോ:ANI
പ്രതിഷേധത്തിനിടെ രാഹുല്‍ |ഫോട്ടോ:ANI

ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാന മാർച്ചും പ്രതിഷേധവും ഒന്പത് മണിക്കൂർ പിന്നിട്ടിട്ടും വീര്യംചോരാതെ തുടരുന്നു. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ പോകൂവെന്നാണ് രാഹുൽ പറയുന്നത്. എന്തുകൊണ്ടാണ് എംപിമാരുമായി അവർ കൂടിക്കാഴ്ച നടത്താത്തതെന്നും മുന്നൂറോളം എംപിമാർ ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതിപക്ഷ എം.പിമാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും ബസുകളിൽ കയറ്റി വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടും പ്രവർത്തകരും എംപിമാരും തുടർച്ചയായി എത്തുന്നത് ഡൽഹി പോലീസിനെ കുഴക്കുന്നുണ്ട്. അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, കല്യാൺ ബാനർജി, ഡെറിക് ഒബ്രയാൻ, ഇമ്രാൻ മസൂദ്, പി സന്തോഷ്, എ.എ റഹിം തുടങ്ങിയ എംപിമാർ കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. രാഹുലും പ്രിയങ്കയും അടക്കമുള്ള ചില നേതാക്കൾ ഇപ്പോഴും ആകാശവാണി പരിസരത്ത് തുടരുകയാണ്. പായകളും വിരിപ്പുകളും എത്തിച്ച് സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. ആകാശവാണി ഭവൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പോകാനുള്ള നീക്കം ഡൽഹി പോലീസ് തടയുകയായിരുന്നു. തുടർന്നാണ് രാഹുലും പ്രിയങ്കയും അടക്കമുള്ളവർ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

'ഞാൻ മുമ്പ് അവിടെയായിരുന്നു ഇരുന്നത്. നിങ്ങൾ എന്നെ അവിടെനിന്ന് മാറ്റി. ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നു, ഇവിടുന്നും നിങ്ങൾ എന്നെ മാറ്റാൻ പേകുന്നു, ഞാൻ ലളിതമായി ചോദിക്കുന്നു, നിങ്ങൾക്ക് എന്നെ ഇവിടെനിന്ന് മാറ്റണമെങ്കിൽ മാറ്റിക്കോളൂ, പക്ഷേ എനിക്കൊന്ന് പറഞ്ഞുതരിക: ഈ രാജ്യത്ത് എനിക്ക് എവിടെയാണ് ഇരിക്കാൻ കഴിയുക? എനിക്ക് എവിടെയെങ്കിലും ഒന്ന് ഇരിക്കണം' രാഹുൽ പോലീസിനോട് പറഞ്ഞു.

'എനിക്ക് ഇന്ത്യ ഗേറ്റിൽ ഇരിക്കാമോ? ജന്തർ മന്ദറിൽ ഇരിക്കാമോ? റോഡിൽ ഇരിക്കാമോ? എനിക്ക് എവിടെയാണ് ഇരിക്കാൻ കഴിയുക? ഏതെങ്കിലും ഒരു സ്ഥലം പറയൂ, ഞാൻ അവിടെ ഇരിക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തോട് പ്രതികരിച്ചുകൊണ്ട് ഈ നാടകം അവസാനിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. 'ഇന്ത്യ വിരുദ്ധ ശക്തികളുടെ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നാണ് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർട്ടിയോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ഇന്ത്യയെ ദുർബലപ്പെടുത്താനും, അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിദേശ ശക്തികളും ഇന്ത്യ വിരുദ്ധ ഘടകങ്ങളും നിരന്തരം ആഖ്യാനങ്ങൾ മെനയുന്നുണ്ട്. കുറഞ്ഞപക്ഷം കോൺഗ്രസെങ്കിലും ഈ ആഖ്യാനങ്ങൾ ഏറ്റുപാടരുത്' റിജിജു പറഞ്ഞു.

രാജ്യം വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഇനി ആരും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം രാഹുലിനെ പരിഹസിച്ചു.

രാജ്യത്തെ യുവാക്കൾ മാറി ചിന്തിക്കുന്നു. പുതിയ മാനസികാവസ്ഥയോടെ, 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി മോദിജിയുടെ നേതൃത്വത്തിൽ അവർ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇന്ത്യ മുന്നണി പ്രതിഷേധത്തിൽ ബിജു ജനതാദളും പങ്കെടുത്തത് ശ്രദ്ധേയമായി. ബിജെഡിയുടെ രാജ്യസഭാ നേതാവ് മനാസ് മംഗരാജാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായികിന്റെ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: INDIA bloc marched to the Election Commission headquarters demanding CEC Gyanesh Kumar's resignation over voter list fraud allegations., Prominent MPs including Akhilesh Yadav, Abhishek Banerjee, and A.A. Rahim were detained by Delhi Police., Rahul Gandhi and Priyanka Gandhi staged a sit-in protest near Akashwani Bhavan after police blocked their path., Union Minister Kiren Rijiju criticized the protest as a drama and urged Congress to stop promoting anti-India narratives., Biju Janata Dal (BJD) joined the opposition protest, marking a notable political development.