ഇന്ത്യസഖ്യത്തിൽ പ്രതിസന്ധി; എസ്.പി., ഡി.എം.കെ, തൃണമൂൽ പ്രത്യേക കുറുമുന്നണിക്ക് ശ്രമം

ന്യൂഡൽഹി: തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ഭരണമാറ്റം സൃഷ്ടിച്ച രാഷ്ട്രീയപ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഇന്ത്യസഖ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ നടൻ വിജയ്‌യുടെ ടി.വി.കെ.യ്ക്കൊപ്പം പോകാൻ ഏകപക്ഷീയമായി തീരുമാനിച്ച കോൺഗ്രസിന്റെകൂടെ ഇനി ഇരിക്കില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കിയതോടെ ആംആദ്മി പാർട്ടിക്കുപിന്നാലെ ഡി.എം.കെ.യും സഖ്യത്തിന് പുറത്തേക്കെന്നുറപ്പായി. ലോക്‌സഭയിൽ 22 അംഗങ്ങളുള്ള ഡി.എം.കെ. ഇന്ത്യസഖ്യത്തിലെ നിർണായക ഘടകകക്ഷിയായിരുന്നു.
പശ്ചിമബംഗാളിലേറ്റ കനത്ത തോൽവിയോടെ രാഷ്ട്രീയമായി ദുർബലമായ തൃണമൂൽ കോൺഗ്രസ് തത്‌കാലം സഖ്യംവിടില്ലെന്നത് കോൺഗ്രസിന് ആശ്വാസമാണ്. 29 അംഗങ്ങളാണ് തൃണമൂലിന് ലോക്‌സഭയിൽ. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയെ നേരിൽക്കണ്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തൃണമൂലിനും ഡി.എം.കെ.യ്ക്കും പൂർണപിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷനിരയിൽ പുതിയൊരു കുറുമുന്നണിക്കുള്ള സൂചനയായി. 37 സീറ്റുള്ള സമാജ് വാദി പാർട്ടിയാണ് സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷി. ആർ.ജെ.ഡി.ക്ക് നാലുസീറ്റുണ്ട്.
കഴിഞ്ഞ ശീതകാല, ബജറ്റ് സമ്മേളനങ്ങളിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ ഐക്യം ഭരണകക്ഷിയെ പ്രതിരോധത്തിലാക്കിയെങ്കിൽ മാറിയ സാഹചര്യം ഭരണപക്ഷത്തിന് താത്‌കാലികമായെങ്കിലും സന്തോഷിക്കാൻ വകനൽകുന്നുണ്ട്.
ഡി.എം.കെ.യുടെ അമർഷത്തിനുപിന്നിൽ
സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് ജയിച്ചശേഷം തങ്ങളോട് ആലോചിക്കുകപോലുംചെയ്യാതെ വിട്ടുപോയ കോൺഗ്രസ് രാഷ്ട്രീയമര്യാദ കാറ്റിൽപ്പറത്തിയെന്നാണ് ഡി.എം.കെ.യുടെ ആക്ഷേപം. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും സമീപനം അത്തരത്തിലായിരുന്നില്ല. ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് കഴിഞ്ഞ ദിവസം എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചതിനെ ഇടതുപക്ഷം പിന്തുണച്ചു. എന്നാൽ, പിന്നീട് ഡി.എം.കെ. ഏകപക്ഷീയമായി എ.ഐ.എ.ഡി.എം.കെ.യുമായി ചേരാൻ തീരുമാനിച്ചതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി. പ്രശ്നാധിഷ്ഠിത പിന്തുണയാകും ഇടതുപക്ഷം ടി.വി.കെ.യ്ക്ക് നൽകുക.
Content Highlights: INDIA bloc faces instability as DMK, SP, and TMC discuss a new alliance following 2026 election shifts.