സജ്ജമായി പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബറില്‍ ഭോപ്പാലില്‍

ഭോപാല്‍: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബര്‍ ആദ്യവാരത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കും. ബുധനാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്‌ക്കെതിരെയാണ് പൊതുയോഗം.
പ്രതിപക്ഷ കൂട്ടായ്‌യിലെ 14 അംഗ പാനലുകള്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നണിയുടെ പൊതുയോഗം സംബന്ധിച്ച തീരുമാനം. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍വെച്ച് വൈകീട്ട് നാലിനായിരുന്നു യോഗം.
ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിലെ ഓരോ പാര്‍ട്ടി നേതൃത്വവുമായും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തും. പാര്‍ട്ടിയുടെ വലുപ്പം, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീറ്റ് വിഭജനം നടത്തുക. ബി.ജെ.പി. സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കാന്‍ സഖ്യം ഒറ്റക്കെട്ടായി ഒരു സ്ഥാനാര്‍ഥിയെ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സീറ്റ് വിഭജന ചര്‍ച്ചകള്‍ അതത് സംസ്ഥാനങ്ങളില്‍ നടത്തുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
26 അംഗ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെ സംബന്ധിച്ച നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി രൂപവത്കരിച്ച സമിതിയാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. കെ.സി. വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍.സി.പി.), ടി.ആര്‍. ബാലു (ഡി.എം.കെ.), ഹേമന്ദ് സോറന്‍ (ജെ.എം.എം.), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ദവ് താക്കറെ പക്ഷം), തേജസ്വി യാദവ് (ആര്‍.ജെ.ഡി.), രാഘവ് ചദ്ദ (എ.എ.പി.), ജാവേദ് അലി ഖാന്‍ (എസ്.പി.), സഞ്ജയ് ഝാ (ജെ.ഡി.യു.), ഡി. രാജ (സി.പി.ഐ.), ഒമര്‍ അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പി.ഡി.പി.), അഭിഷേക് ബാനര്‍ജി (ടി.എം.സി.), സി.പി.എമ്മില്‍നിന്ന് ഒരംഗം എന്നിങ്ങനെ 14 പേരാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. ഇ.ഡി.യുടെ മുന്‍പില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ അഭിഷേക് ബാനര്‍ജി ബുധനാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Content Highlights: india bloc, coordination committee meet, seat sharing, public meeting bhopal and other places