ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ല; എണ്ണ പ്രതിസന്ധിയിൽ ആശങ്ക വേണ്ട- പെട്രോളിയം മന്ത്രി

ഹർദീപ് സിങ് പുരി | Photo: ANI
ഹർദീപ് സിങ് പുരി | Photo: ANI

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിലുണ്ടായ അസംസ്കൃതഎണ്ണ പ്രതിസന്ധിയിൽ ഇന്ത്യക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്‌പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പത്രസമ്മേളനത്തിൽ അറിയിച്ചു.

രാജ്യമൊട്ടാകെ പെട്രോളിയം ഉത്‌പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനുകീഴിൽ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെയും ശേഖരമുണ്ട്. എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്‌പാദക സ്രോതസ്സുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്.

ഇതിന്റെ ഫലമായി ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊർജവിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാർഗോകൾ ഇപ്പോഴും തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങൾ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംഘർഷം രൂക്ഷമായതിനു പിന്നാലെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില തിങ്കളാഴ്ച പത്ത് ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളർ വരെയാണ് ഉയർന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.

25 ദിവസത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ

25 ദിവസത്തേക്ക് ആവശ്യമായ എണ്ണ, എണ്ണയുത്‌പന്ന ശേഖരം ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അതേസമയം, ഇന്ത്യയുടെ പക്കൽ 74 ദിവസത്തേക്കാവശ്യമായ കരുതൽ ശേഖരമുണ്ടെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ മാസം രാജ്യസഭയിൽ വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആഗോള പ്രതിസന്ധിയുണ്ടായാൽ അതിനെ തരണം ചെയ്യാനാവശ്യമായ ശേഖരമുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.

Content Highlights: India has sufficient crude oil and petroleum product reserves. No immediate threat of a fuel price hike despite global tensions. Government has diversified oil sources to ensure a stable supply. A 24/7 control room is monitoring the national petroleum supply chain.