പാകിസ്താന് നല്‍കിവരുന്ന ഫണ്ട് മരവിപ്പിക്കണം, ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണം; എഡിബിയോട് ഇന്ത്യ

ധനമന്ത്രി നിർമല സീതാരാമൻ എഡിബി ചീഫ് മസാതോ കംഡയോടൊപ്പം | Photo: @FinMinIndia x post
ധനമന്ത്രി നിർമല സീതാരാമൻ എഡിബി ചീഫ് മസാതോ കംഡയോടൊപ്പം | Photo: @FinMinIndia x post

ന്യൂഡല്‍ഹി: പാകിസ്താന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനോട് ആവശ്യപ്പെട്ട് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെയുള്ള നയതന്ത്രനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എഡിബിയോട് പുതിയ ആവശ്യം മുന്നോട്ടുവെച്ചത്. എഡിബി ചീഫ് മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം. 

ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ  58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി ചീഫുമായി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇറ്റലിയുടെ ധനമന്ത്രിയുമായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗികവ്യക്തിത്വങ്ങളുമായും നിര്‍മലാ സീതാരാമന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 2024-ലെ കണക്കുകള്‍ പ്രകാരം, 53 ലോണുകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാകിസ്താന്‍ ഐഡിബിയില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളത്. 

അതേസമയം, പാകിസ്താനെ എഡിബിയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യംകൂടി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളതായാണ് വിവരം. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇസ്ലാമാബാദിലേക്ക് എത്തുന്ന ഫണ്ടുകളുടെ മേല്‍ വിശദമായ പരിശോധന നടത്തണം എന്നാണ് ഇന്ത്യയുടെ ആവശ്യം. പാകിസ്താനിലേക്ക് എത്തുന്ന പണം തീവ്രവാദം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ ആരോപിച്ചു. 

വിനോദസഞ്ചാരികളടക്കം 26 പേര്‍ക്ക് ജീവന്‍ നഷ്ടമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള നയതന്ത്ര ഇടപാടുകളിലെല്ലാം ഇന്ത്യ കടുത്ത നടപടികള്‍ എടുത്തിരുന്നു. ഏപ്രില്‍ 22-ന് നടന്ന ആക്രമണം ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയത്. 1960-ല്‍ ഒപ്പുവെച്ച സിന്ധുനദീജല കരാര്‍ അടക്കം മരവിപ്പിച്ചാണ് ഇന്ത്യ പാകിസ്താനെതിരെയുള്ള നിലപാടുകള്‍ കടുപ്പിച്ചത്. 

Content Highlights: india asks adb to halt funding to pakistan