ഇന്ത്യയുടെ യുദ്ധവിമാന എൻജിൻ വികസിപ്പിക്കാൻ സഫ്രാൻ, റോള്‍സ് റോയ്‌സ്; പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന എന്‍ജിന്‍ വികസിപ്പിക്കുന്നതിനായി രണ്ട് വിദേശ കമ്പനികളെ തിരഞ്ഞെടുത്ത് ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജി.ടി.ആര്‍.ഇ). ഡി. ആർ. ഡി. ഒയുടെ കീഴിലുള്ള സ്ഥാപനമാണ് ജി.ടി. ആർ.ഇ. യുകെയിലെ റോള്‍സ് റോയ്‌സും ഫ്രാന്‍സിന്റെ സഫ്രാനെയുമാണ് നിരന്തര ചര്‍ച്ചകള്‍ക്കുശേഷം തിരഞ്ഞെടുത്ത്. ഇതില്‍ ഏത് കമ്പനിയുമായി ചേര്‍ന്ന് എന്‍ജിന്‍ വികസിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്. ഇരു കമ്പനികളും പൂര്‍ണമായ സാങ്കേതികവിദ്യാ കൈമാറ്റം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാങ്കേതികവിദ്യാ കൈമാറ്റം, ഉത്പാദന കേന്ദ്രം സ്ഥാപിക്കുന്നതിലുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ഉള്‍പ്പെടുത്തി എത്ര രൂപയ്ക്കാകും കരാര്‍ എന്നത് വ്യക്തമല്ല. ഇന്ത്യയുടെ തദ്ദേശീയ സ്റ്റെല്‍ത്ത് വിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എ.എം.സി.എ)യ്ക്ക് വേണ്ടിയാണ് എന്‍ജിന്‍ വികസിപ്പിക്കുക.
ഇതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ജിടിആര്‍ഇ എന്‍ജിന്‍ വികസിപ്പിക്കും. 110 മുതല്‍ 130 കിലൊ ന്യൂട്ടണ്‍ വരെ ത്രസ്റ്റ് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനാണ് എംഎംസിഎയുടെ മികവുറ്റ പ്രകടനത്തിന് വേണ്ടത്. എഎംസിഎയുടെ ആദ്യത്തെ പ്രോട്ടോടൈപ്പിന് യു.എസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ എന്‍ജിനുകളാകും ഉപയോഗിക്കുക. ഇന്ത്യയില്‍ എന്‍ജിന്‍ നിര്‍മാണം തുടങ്ങുന്നതുവരെയുള്ള താത്കാലിക സംവിധാനമായാണ് യു.എസ് എന്‍ജിന്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജസില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജനറല്‍ ഇലക്ട്രിക്കിന്റെ എഫ് 404 എന്‍ജിനാണ്. എന്നാല്‍ ഇന്ത്യ ആവശ്യപ്പെട്ട അത്രയും എന്‍ജിന്‍ നിര്‍മിച്ചു നല്‍കാന്‍ അവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇത് സുരക്ഷാ വെല്ലുവിളികള്‍ വര്‍ധിപ്പിക്കുമെന്നതിനാലാണ് എഎംസിഎയുടെ കാര്യത്തില്‍ നേരത്തെ തന്നെ വിദേശ സഹകരണത്തോടെ യുദ്ധവിമാന എന്‍ജിന്‍ വികസിപ്പിക്കാനൊരുങ്ങുന്നത്.
റോള്‍സ് റോയ്‌സ് യൂറോഫൈറ്ററിന് വേണ്ടി വികസിപ്പിച്ച ഇജെ 200 എന്ന എന്‍ജിനെ അടിസ്ഥാനമാക്കിയുള്ള യുദ്ധവിമാന എന്‍ജിനാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ എന്‍ജിന്റെ സാങ്കേതികവിദ്യയിലെ ബൗദ്ധിക സ്വത്ത് അവകാശം 100 ശതമാനവും ഇന്ത്യയ്ക്ക് കരാര്‍ പ്രകാരം ലഭിക്കും. മാത്രമല്ല എന്‍ജിന്‍ സാങ്കേതികവിദ്യ പൂര്‍ണമായും കൈമാറും. ഇന്ത്യയില്‍ ഉത്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് സാങ്കേതിക സഹായം, എന്‍ജിന്‍ പ്രകടനം മെച്ചപ്പെടുത്തുന്ന വേരിയബിള്‍ സൈക്കിള്‍ എന്‍ജിന്‍ ടെക്‌നോളജി, ആവശ്യമെങ്കില്‍ എന്‍ജിന്‍ കരുത്ത് കൂട്ടാനുള്ള സഹകരണം എന്നിവയൊക്കെയാണ് റോള്‍സ് റോയ്‌സിന്റെ വാഗ്ദാനം.
ഇന്ത്യയുമായി സഹകരിക്കാനുള്ള റോള്‍സ് റോയ്‌സിന്റെ ശ്രമത്തിന് യുകെയില്‍ നിന്ന് രാഷ്ട്രീയ പിന്തുണയുമുണ്ട്. ഇന്ത്യയുമായി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുക എന്നുള്ള യുറോപ്യന്‍ രാജ്യങ്ങളുടെ താത്പര്യത്തിനനുസരിച്ചാണ് ഈ പിന്തുണ. നേരത്തെ വളരെ
അതേസമയം ഫ്രഞ്ച് കമ്പനിയായ സഫ്രാനും 100 ശതമാനം സാങ്കേതികവിദ്യ കൈമാറ്റം സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല വേരിയബിള്‍ സൈക്കിള്‍ എന്‍ജിന്‍ സാങ്കേതികവിദ്യ, എന്‍ജിന്‍ വികസനത്തിന് ജിടിആര്‍ഇയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും, ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ക്കും പ്രയോജനമുണ്ടാകും തുടങ്ങിയ വാഗ്ദാനങ്ങളാണ് സഫ്രാന്‍ മുന്നോട്ടുവെച്ചത്. മുമ്പ് 50 ശതമാനം സാങ്കേതിക വിദ്യ കൈമാറ്റം എന്ന ഓഫറായിരുന്നു സഫ്രാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ അവരെ കൊണ്ട് 100 ശതമാനം സാങ്കേതിക വിദ്യാ കൈമാറ്റവും ഉറപ്പുവരുത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നേട്ടമാണ്. സഫ്രാന്‍ അവരുടെ എം88 എന്‍ജിന്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. പരമാവധി 130 കിലോന്യൂട്ടണ്‍ ത്രസ്റ്റ് ഉത്പാദിപ്പിക്കാനാകുന്ന എന്‍ജിനാണ് ഇത്.
2029-2030 ഓടെ എഎംസിഎയുടെ ആദ്യത്തെ പറക്കല്‍ പരീക്ഷണം നടത്താനാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ ജനറല്‍ ഇലക്ട്രിക്കിന്റെ എന്‍ജിനാകും ഉപയോഗിക്കുക. 2034ല്‍ തദ്ദേശീയമായി എന്‍ജിന്‍ വികസനം പൂര്‍ത്തിയാക്കി 2035ല്‍ എഎംസിഎയുടെ എംകെ-2 പതിപ്പിറക്കാനാകുമെന്നാണ് കരുതുന്നത്.
2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രതിരോധ രംഗത്തെ വിദേശ ആശ്രിതത്വം ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നീക്കം. ഇവരില്‍ ഏത് കമ്പനിയെ ആണ് പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുക്കുന്നത് എന്നതിനനുസരിച്ചാകും ഭാവി നീക്കങ്ങള്‍. ഇന്ത്യയുടെ എഎംസിഎ പദ്ധതിക്ക് വേണ്ടി മാത്രമല്ല വ്യോമയാന രംഗത്തെ ആഗോള ശക്തികളിലൊരാളായി വളരാനുള്ള ആഗ്രഹം കൂടി മുന്‍നിര്‍ത്തിയാണ് യുദ്ധവിമാന എന്‍ജിന്‍ വികസനത്തില്‍ ആഗോള കമ്പനികളുമായി സഹകരിക്കുന്നത്.
തേജസ് യുദ്ധവിമാനത്തില്‍ ഇന്ത്യ ഉപയോഗിക്കുന്നത് ജനറല്‍ ഇലക്ട്രിക്കിന്റെ എഫ് 404 എന്‍ജിനാണ്. എന്നാല്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ അത്രയും എണ്ണം കൃത്യമായി വിതരണം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പ്രതിരോധ രംഗത്തെ ഈ ആശ്രിതത്വം വലിയ പ്രതിസന്ധിയാണ് ഇന്ത്യയ്ക്ക് ഉണ്ടാക്കിയത്. അതേസമയം തദ്ദേശീമായ എന്‍ജിന്‍ വികസന പദ്ധതികള്‍ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കണമെങ്കില്‍ ഇനിയും കാലങ്ങള്‍ കഴിയുമെന്ന് കണക്കുകൂട്ടിയാണ് വിദേശ കമ്പനികളുമായി സഹകരിച്ച് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇത് വിജയത്തിലേക്ക് അടുക്കുകയാണ്.
Content Highlights: 100% Technology Transfer: India's Strategic Partnership for Indigenous Jet Engine Development