‘ജനാധിപത്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും'; ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം.

രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി. നേതാവ് തേജ്വസി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻ.സി.പി.-എസ്.സി.പി. എം.പി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ; ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് ജനാധിപത്യ ഭരണം, യഥാർത്ഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്’, രാഹുൽ ഗാന്ധി പറ‍ഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി 'ഇന്ത്യ' സഖ്യം നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വൻ വിജയം ജനങ്ങൾ കണ്ടതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും വലിയ ഗൗരവത്തോടും സമർപ്പണ മനോഭാവത്തോടും കൂടിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതും അഭിസംബോധന ചെയ്തതും. ഇത്രയധികം ആളുകൾ തനിയെ മുന്നോട്ടുവന്ന് പങ്കാളികളാകുന്നത് അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഡൽഹിയിൽ യുവാക്കളും സാധാരണക്കാരായ പൗരന്മാരും പൂർണമായും സ്വന്തം മുൻകൈയിൽ ഒത്തുചേരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യത്തെ ചവിട്ടിമെതിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിച്ചതെന്നും ഇത് ബി.ജെ.പി., അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ വ്യക്തമായ ഗൂഢാലോചനയാണെന്നും ആർ.ജെ.ഡി. നേതാവ് തേജ്വസി യാദവ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിൽ തങ്ങൾ ഒന്നിച്ചുനിൽക്കുകയാണെന്നും ഇതിനായി എന്തൊക്കെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി., സി.ബി.ഐ., ആദായനികുതി വകുപ്പ് തുടങ്ങിയ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം കൈപ്പിടിയിലൊതുക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് തേജ്വസി ചൂണ്ടിക്കാട്ടി. എന്നാൽ, ഇലക്ഷൻ കമ്മീഷനും പ്രത്യേകിച്ച് ഗ്യാനേഷ് കുമാറും അതിനേക്കാൾ പത്തടി മുന്നോട്ട് പോയി. വെറുമൊരു പാവയെപ്പോലെ പ്രവർത്തിച്ച ഗ്യാനേഷ് കുമാർ തീർച്ചയായും ശിക്ഷ ലഭിക്കുമെന്നും ഇത്തരക്കാർക്ക് രക്ഷപ്പെടാൻ ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരമ്പരാഗതമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ചരിത്രപ്രാധാന്യമുള്ള ജന്തർ മന്തറിൽ നിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ നീക്കം ഭരണാധികാരികളുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചുനിന്ന് പോരാടി വിജയം കൈവരിക്കുമെന്നും തേജ്വസി യാദവ് പ്രഖ്യാപിച്ചു.