സവർക്കർക്ക് ഭാരതരത്‌ന നൽകിയാൽ ആ പുരസ്‌കാരത്തിന്റെ യശസ്സ് വർധിക്കും- മോഹൻ ഭാഗവത്

#ന്യൂസ് ഡെസ്ക്
മോഹൻ ഭാഗവത് | Photo: AFP
മോഹൻ ഭാഗവത് | Photo: AFP

മുംബൈ: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന, വി.ഡി. സവർക്കർക്ക് നൽകണമെന്ന ആവശ്യത്തിന് ഊർജംപകരുന്ന പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നപക്ഷം, ആ ബഹുമതിയുടെ യശസ്സ് വർധിക്കുമെന്ന് അദ്ദേഹം മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു. സവർക്കർ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കി. ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ തുടരാനും പോരാടാനും തീരുമാനിക്കുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മുഴുവൻ ഹിന്ദുക്കളും അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് മതത്തിൽപ്പെട്ട ആർക്കും ആർഎസ്എസിന്റെ മേധാവിയാകാമെന്നും മോഹൻ ഭാഗവത് പറഞ്ഞു. എസ്‌സി-എസ്ടി വിഭാഗങ്ങളിൽപ്പെടുന്നത് അയോഗ്യതയോ ബ്രാഹ്‌മണവിഭാഗത്തിൽപ്പെുന്നത് യോഗ്യതയോ അല്ല. ബ്രാഹ്‌മണരിലൂടെയാണ് ആരംഭിച്ചതെങ്കിലും സംഘടന എല്ലാ ജാതിക്കാർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് ആർക്കും എതിരല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. സംഘടനയ്ക്ക് അധികാരത്തോട് ആഗ്രഹമില്ല. സമൂഹത്തെ ഒന്നിച്ചുനിർത്തുക എന്നതുമാത്രമാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: if bharat ratna confers to savarkar it will rise the prestige of the award says mohan bhagawat