590കോടി രൂപയുടെ വെട്ടിപ്പ്: ബാങ്കിനെ പിടിച്ചുകുലുക്കി സർക്കാർ അക്കൗണ്ടുകളിലെ തിരിമറി

പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ചണ്ഡീഗഢ്: ഹരിയാണ സർക്കാർ വകുപ്പിന്റെ സാധാരണമായ ഒരു അക്കൗണ്ട് ക്ലോസിങ് അഭ്യർത്ഥനയിൽ ചുരുളഴിഞ്ഞത് വൻ ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ. അക്കൗണ്ട് ക്ലോസ് ചെയ്ത്‌ പണം മറ്റൊരിടത്തേക്ക് മാറ്റാൻ സർക്കാർ വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ബാങ്ക് രേഖകളിലെ തുകയും സർക്കാർ അവകാശപ്പെടുന്ന തുകയും തമ്മിൽ വലിയ പൊരുത്തക്കേടുള്ളതായി ബാങ്ക് തിരിച്ചറിഞ്ഞത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഹരിയാണയിലെ ശാഖയിലാണ്‌ ജീവനക്കാർ നടത്തിയ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്‌. വിശദമായ പരിശോധനയിലാണ്‌ ഏകദേശം 590 കോടി രൂപയുടെ വൻ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഫെബ്രുവരി 18 മുതൽ സമാനമായ പരാതികളുമായി കൂടുതൽ സർക്കാർ സ്ഥാപനങ്ങൾ ബാങ്കിനെ സമീപിച്ചതോടെ പ്രശ്നം ഗുരുതരമായി. ഓരോ സ്ഥാപനവും അവകാശപ്പെടുന്ന ബാലൻസ് തുക ബാങ്കിന്റെ സിസ്റ്റത്തിൽ കാണിക്കുന്ന തുകയേക്കാൾ കൂടുതലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ബാങ്കിന്റെ ചണ്ഡീഗഢ് ബ്രാഞ്ചിലെ ഹരിയാണ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ മാത്രമാണ് ഈ ക്രമക്കേടുകൾ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്‌. മറ്റ് സാധാരണ ഉപഭോക്താക്കളുടെ അക്കൗണ്ടുകളെ ഇത് ബാധിച്ചിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അഴിമതിക്ക് കൂട്ടുനിന്ന നാല് ജീവനക്കാരെ ബാങ്ക് സസ്പെൻഡ് ചെയ്തു. കൂടാതെ റിസർവ് ബാങ്കിനും അന്വേഷണ സംഘത്തിനും ബാങ്ക് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചു. സ്വതന്ത്രമായ ഫോറൻസിക് ഓഡിറ്റിങിനായി കെപിഎംജി എന്ന അന്താരാഷ്ട്ര സ്ഥാപനത്തെ ബാങ്ക്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. തട്ടിച്ച തുക മാറ്റിയ മറ്റ് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി അവ മരവിപ്പിക്കാനുള്ള നടപടികളും ബാങ്ക് സ്വീകരിച്ചു വരികയാണ്.

ഈ തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. . ബാങ്ക് ജീവനക്കാരും പുറത്തുള്ളവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ ക്രമക്കേടിന് പിന്നിലെന്ന് ബാങ്ക് മാനേജ്‌മെന്റ് അനലിസ്റ്റുകളുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. അന്വേഷണം തീരുന്നത് വരെ ഹരിയാണ സർക്കാർ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: Haryana govt account closure uncovers a massive Rs 590 crore fraud investigation at IDFC First Bank, impacting stock and revealing governance concerns.