സർക്കാർ പണം ഭാര്യയുടെ കമ്പനി അക്കൗണ്ടിലേക്ക്;590 കോടിയുടെ IDFC തട്ടിപ്പ്,പിന്നിൽ മുൻ ബ്രാഞ്ച് മാനേജർ

ഛണ്ഡീഗഢ്: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിലെ 590 കോടി രൂപയുടെ തട്ടിപ്പിന് പിന്നിൽ മുൻ ബ്രാഞ്ച് മാനേജരെന്ന് കണ്ടെത്തൽ. ഹരിയാണ സർക്കാർ വകുപ്പുകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള പണം മുൻ മാനേജരുടെ ഭാര്യയും ഭാര്യാസഹോദരനും ചേർന്ന് നടത്തുന്ന ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഹരിയാണ അഴിമതി വിരുദ്ധ ബ്യൂറോ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ബ്രാഞ്ച് മാനേജർ റിഭവ് ഋഷി, ബാങ്കിന്റെ മുൻ റിലേഷൻഷിപ്പ് മാനേജർ അഭയ്, റിഭവിന്റെ ഭാര്യ സ്വാതി സിംഗ്ല, അവരുടെ സഹോദരൻ അഭിഷേക് സിംഗ്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അറസ്റ്റ് നടന്നത്.
ആറുമാസം മുൻപ് വരെ ചണ്ഡീഢിലെ ബാങ്കിന്റെ സെക്ടർ 32 ബ്രാഞ്ചിന്റെ തലവനായിരുന്ന റിഭവ് ഋഷി. കഴിഞ്ഞ ഓഗസ്റ്റിലാണ് റിലേഷൻഷിപ്പ് മാനേജർ അഭയ് കുമാർ രാജിവെച്ചത്. ഇരുവരുമാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരായി വിശേഷിപ്പിക്കപ്പെടുന്നത്. ഇവരാണ് സർക്കാർ പണം വകമാറ്റിയതെന്നാണ് കണ്ടെത്തൽ.
സ്വാതി സിംഗ്ല, അവരുടെ സഹോദരൻ അഭിഷേക് സിംഗ്ല ചേർന്ന് സ്വാസ്തിക് ദേഷ് പ്രോജക്ട് എന്ന പേരിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. സ്വാതിക്ക് കമ്പനിയിൽ 75 ശതമാനം ഓഹരിയും അഭിഷേകിന് 25 ശതമാനവും ഉണ്ട്.
തട്ടിപ്പ് തുകയുടെ പകുതിയിൽ കൂടുതലായ ഏകദേശം 300 കോടി രൂപ സ്വാസ്തിക് ദേഷ് പ്രോജക്ടിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം 24 മണിക്കൂറിനുള്ളിൽ വീണ്ടെടുത്തതായാണ് ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി നിയമസഭയെ അറിയിച്ചത്.
ഹരിയാണ സർക്കാർ വകുപ്പ് അവരുടെ ഒരു അക്കൗണ്ട് ബാലൻസ് മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ഈ പ്രക്രിയയ്ക്കിടയിൽ, രേഖകളിൽ പറഞ്ഞിട്ടുള്ള തുകയും യഥാർത്ഥ ബാലൻസും തമ്മിൽ വ്യത്യാസങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തി. സമാനമായ വ്യത്യാസങ്ങൾ ഹരിയാന സർക്കാർ ബന്ധമുള്ള മറ്റ് അക്കൗണ്ടുകളിലും കണ്ടെത്തുകയായിരുന്നു. മൊത്തം 590 കോടി രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.
സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി. അന്വേഷണത്തിനിടയിൽ, ഹരിയാണ സർക്കാർ വകുപ്പുകൾ ആവശ്യപ്പെട്ട തുകയുടെ 100 ശതമാനവും ഇതിനകം തിരികെ നൽകിയതായും ബാങ്ക് അറിയിച്ചു.
Content Highlights: Ex-manager of IDFC First Bank's Chandigarh branch and his family arrested for a ₹590 crore fraud involving Haryana government funds