ഇന്ത്യയ്ക്കുമുന്നിൽ പാക് സേനയുടെ കീഴടങ്ങൽ; ബംഗ്ലാദേശിലെ പ്രതിമ തകർക്കപ്പെട്ടതിൽ വിമർശവുമായി തരൂർ

ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാവിരുദ്ധരായ ആളുകൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. നശിപ്പിക്കപ്പെട്ട പ്രതിമകൾ കാണുന്നതിൽ വിഷമമുണ്ട്. രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
1971-ലെ യുദ്ധത്തിന് പിന്നാലെ പാകിസ്താൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമകളുടെ തകർന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. 'ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണകൾ തകർക്കപ്പെട്ടനിലയിൽ കാണുന്നതിൽ വിഷമമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾക്കും എതിരായ ആക്രമണങ്ങളുടെ തുടർച്ചയാണിതും.
മുസ്ലിം വിഭാഗത്തിൽപ്പെട്ട സാധാരണക്കാർ ന്യൂനപക്ഷ ഭവനങ്ങളേയും ആരാധനാലയങ്ങളേയും സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത്തരം ആക്രമണങ്ങളുമുണ്ടാകുന്നത്. ഈ പ്രക്ഷുഭ്ധമായ കാലത്ത് ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. എന്നാൽ, ഇത്തരം അരാജകത്വം അംഗീകരിക്കാനാവില്ല', തരൂർ എക്സിൽ കുറിച്ചു.
ബംഗ്ലാദേശിന്റെ വിമോചനത്തിനുമപ്പുറം പാകിസ്താനേറ്റ കനത്ത തിരിച്ചടി കൂടിയായിരുന്നു 1971-ലെ യുദ്ധം. പാകിസ്താൻ സേനയുടെ മേജർ ജനറലായ അമീർ അബ്ദുള്ള ഖാൻ നിയാസി 93,000 സൈനികരുമായി ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ ചിത്രീകരണമായ പ്രതിമകളാണ് ഇപ്പോൾ തകർക്കപ്പെട്ടിരുന്നത്.
Content Highlights: Iconic Statue Of Pakistan Army 1971 Surrender Vandalised Bangladesh