പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുല ജില്ലയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വര്‍ യുദ്ധവിമാനമാണ് തകര്‍ന്നത്.
സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിന് മുന്‍പ് പൈലറ്റ് ജനവാസമേഖലകള്‍ ഒഴിവാക്കി യുദ്ധവിമാനത്തെ വഴിത്തിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം മധ്യപ്രദേശിലെ ശിവ്പുരിക്ക് അടുത്ത് മിറാഷ്- 2000 യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
Content Highlights: iaf fighter jet crashes in haryana pilot ejects safely