ഹൈദരാബാദിൽ പോലീസിന്റെ വ്യാപക പരിശോധന; പിടിച്ചെടുത്തത് 825 കിലോ വ്യാജപനീർ

Photo Courtesy: x.com/ndtv
Photo Courtesy: x.com/ndtv

ഹൈദരാബാദ്: നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്തു. ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡിലാണ് വിവിധ സ്ഥാപനങ്ങളിൽനിന്നായി കിലോക്കണക്കിന് വ്യാജ പനീർ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

ഹൈദരാബാദ് നഗരത്തിലെ 45 ഭക്ഷണശാലകളിലും എട്ട് ഭക്ഷ്യോൽപ്പന്ന നിർമാണശാലകളിലുമാണ് പോലീസിന്റെ പ്രത്യേകസംഘം പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽ പനീർ, മലായ് പനീർ, മിൽക്ക് പനീർ, ഫ്രഷ് പനീർ തുടങ്ങിയ ലേബലുകളിൽ വിൽപന നടത്തിയിരുന്നത് വ്യാജ പനീറായിരുന്നു. സസ്യ എണ്ണകളും കൃത്രിമ ചേരുവകളും ഉപയോഗിച്ച് നിർമിക്കുന്ന 'ചീസ് അനലോഗ്' കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ വാങ്ങിയശേഷമാണ് 'പ്രീമിയം ഫ്രഷ് പനീർ' എന്ന പേരിൽ വിൽപ്പന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് സിന്തറ്റിക് പാലടക്കം ഉപയോഗിച്ചാണ് ചില സ്ഥാപനങ്ങൾ വ്യാജപനീർ നിർമിച്ചിരുന്നതെന്നും ഈ സ്ഥാപനങ്ങൾക്ക് കൃത്യമായ ലൈസൻസും മറ്റും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വരുംദിവസങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങൾക്കും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാമെന്നും പോലീസ് അറിയിച്ചു.

Content Highlights: Hyderabad Task Force seized 825kg of synthetic paneer., Raids conducted across 45 eateries and 8 manufacturing units., Fake paneer made from vegetable oil and synthetic milk sourced from neighboring states., Police confirmed lack of valid licenses and safety violations., Continued inspections and public reporting channels announced.