മൃഗബലിയും റോഡിലെ ഈദ് പ്രാർഥന തടയുന്നതും തീക്കളി; ബംഗാൾ സർക്കാരിനെതിരെ AJUP നേതാവ്

#ന്യൂസ് ഡെസ്ക്ക്
ഹുമയൂൺ കബീർ, സുവേന്ദു അധികാരി | ഫോട്ടോ - പി.ടി.ഐ.
ഹുമയൂൺ കബീർ, സുവേന്ദു അധികാരി | ഫോട്ടോ - പി.ടി.ഐ.

കൊൽക്കത്ത: ഈദ് പ്രാർഥനകൾ, മൃഗബലി, മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയത് തുടങ്ങിയ വിഷയങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി എ.ജെ.യു.പി. നേതാവ് ഹുമയൂൺ കബീർ. തീകൊണ്ട് കളിക്കരുതെന്ന് സുവേന്ദു അധികാരിക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, മുസ്ലിങ്ങളുടെ ആചാരങ്ങളിൽ ഇടപെടുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുമെന്ന് വ്യക്തമാക്കി.

ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലി കശാപ്പിന് സംസ്ഥാന സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് തർക്കങ്ങൾക്ക് കാരണമായത്. 14 വയസ്സിന് മുകളിൽ പ്രായമുള്ളതോ രോഗം ബാധിച്ചതോ വൈകല്യം ബാധിച്ചതോ പ്രത്യുൽപാദന ശേഷിയില്ലാത്തതോ ആയ കന്നുകാലികളെ മാത്രമേ കശാപ്പ് ചെയ്യാവൂ എന്ന നിബന്ധനയെ കബീർ ചോദ്യംചെയ്തു. കോടതി വിധികളെ മാനിക്കുന്നുണ്ടെങ്കിലും ഖുർആനിൽ പറയുന്ന പ്രകാരം ബലി ഏതൊരു സാഹചര്യത്തിലും നടക്കും. സർക്കാർ നിർദേശങ്ങൾ അനുസരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ നിയമവിരുദ്ധമായ കശാപ്പുശാലകൾ അനുവദിക്കില്ലെന്നും പൊതുസ്ഥലത്തെ കശാപ്പ് തടയുക മാത്രമാണ് ലക്ഷ്യമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി.

കൊൽക്കത്തയിലെ റെഡ് റോഡിൽ വർഷങ്ങളായി നടന്നുവരുന്ന ഈദ് പ്രാർഥനകൾക്ക് ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി സർക്കാർ നിരോധനമേർപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. റെഡ് റോഡിൽ പ്രാർഥന അനുവദിച്ചില്ലെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും പ്രാർഥിക്കാൻ മതിയായ സ്ഥലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെഡ് റോഡിൽ പ്രാർഥന അനുവദിക്കാത്ത പക്ഷം റോഡുകളിലെ പൂജകളും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പൂജകൾ തടയാൻ ശ്രമിച്ചാൽ ജനം തെരുവിലിറങ്ങുമെന്നും അതിന്റെ ഭവിഷ്യത്ത് സർക്കാർ നിയന്ത്രണങ്ങൾക്കും അപ്പുറമായിരിക്കുമെന്നും സമിക് ഭട്ടാചാര്യ പ്രതികരിച്ചു.

മദ്രസകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയതിലും ഹുമയൂൺ വിമർശനമുയർത്തി. മദ്രസകളിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സർക്കാർ ഫണ്ട് കൈപ്പറ്റുന്ന എല്ലാ സ്‌കൂളുകളിലും മദ്രസകളിലും വന്ദേമാതരം നിർബന്ധമാണെന്ന് നിലപാടിലാണ് ബംഗാൾ സർക്കാർ.

Content Highlights: Humayun Kabir opposes West Bengal government's 2026 cow slaughter restrictions., BJP government implements bans on public religious gatherings on Red Road., Mandatory Vande Mataram singing in madrasas sparks intense political debate., High Court rejects petition challenging cattle slaughter notice., Tensions rise between AJUP and BJP ahead of Eid al-Adha 2026