ആവർത്തിച്ച് ട്രെയിൻ ദുരന്തങ്ങൾ: 296 ജീവൻ പൊലിഞ്ഞ ബാലസോറും പാഠമായില്ല; ഇനിയെന്ന് നടപ്പിലാക്കും 'കവച്'

ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്
ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്

ന്യൂഡല്‍ഹി: 2023 ജൂൺ രണ്ട്, ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത് അന്നായിരുന്നു. 296 പേരുടെ ജീവൻ കവർന്ന ബാലസോര്‍ അപകടത്തോടെ റെയിൽവേയിലെ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രവർത്തനം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ 'കവച്' സംവിധാനം എല്ലാ തീവണ്ടികളിലും കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ റെയിൽവേ ഇപ്പോഴും പരാജയപ്പെടുന്നു എന്ന വസ്തുതയിലേക്കാണ് ഇപ്പോഴത്തെ പശ്ചിമബംഗാൾ ട്രെയിനപകടവും വിരൽചൂണ്ടുന്നത്.

ബാലസോര്‍ അപകടത്തിൽ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കാരണമായി റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്ന് കവച് സംവിധാനം ഏല്ലായിടത്തും നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷം നാടിനെ നടുക്കി വീണ്ടും തീവണ്ടി അപകടം സംഭവിക്കുമ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഒരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന യാഥാർഥ്യമാണ് വെളിവാകുന്നത്.

ഒഡിഷയിൽ ചെന്നൈ-കോറമണ്ഡൽ എക്സ്‌പ്രസ്, ചരക്കുതീവണ്ടി, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എന്നീ വണ്ടികളായിരുന്നു അപകടത്തിൽപ്പെട്ടത്. 296 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ചില കോച്ചുകള്‍ തെറിച്ച് അതേ സമയത്ത് എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാളും വലുതാകുമായിരുന്നു. 

ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ | Photo:AFP

യാഥാർഥ്യമാകാതെ കവച്

മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 'കവച്' സംവിധാനത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് അന്ന് ഉയർന്നത്. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി അവതരിപ്പിച്ച സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ (ടി.സി.എ.എസ്.) എന്നും ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (എ.ടി.പി.) എന്നും കവച് അറിയപ്പെടുന്നു. അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും എണ്ണം കൂട്ടാനും ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു സുരക്ഷാ സംവിധാനം ഇന്ത്യ അവതരിപ്പിച്ചത്. 

2011 -12 ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ അന്ന് റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജിയാണ് ഇത്തരത്തിൽ ഒരു സാങ്കേതിക സംവിധാനത്തെ പരിചയപ്പെടുത്തുന്നത്. 2014 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതോടെ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം (കവച്) എന്ന പേരിൽ ഈ സംവിധാനത്തെ പുനഃനാമകരണം ചെയ്ത് അവതരിപ്പിച്ചു. 2019 ൽ കവച് നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും മൂന്ന് കമ്പനികൾക്ക് അനുമതി നൽകി. 2022-ല്‍ പരീക്ഷണം നടത്തി വിജയിക്കുകയും ചെയ്തു. 

ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വരുമ്പോൾ അപകടം മുന്നില്‍ നില്‍ക്കേ, ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാവണമെന്നില്ല. ഈ സമയത്ത് കവചിലൂടെ നിശ്ചിത ദൂരപരിധിയില്‍വെച്ച് ട്രെയിനിന്റെ ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്‌നോളജി, ജി.പി.എസ്. സംവിധാനം വഴിയാണ് ഇത് സാധ്യമാവുക. പരീക്ഷണത്തിന്‍റെ ഭാഗമായി രണ്ട് ട്രെയിനുകള്‍ ഒരേ പാതയ്ക്കിരുവശം നിന്ന് പുറപ്പെടുകയും ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്താതെ മുന്നോട്ട് പോകുകയും ചെയ്താൽ കവച് സിഗ്നല്‍ വഴി ട്രെയിനിന്റെ ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുകയും 380 മീറ്റര്‍ അകലെവെച്ച് ഇരു ട്രെയിനുകളും നിൽക്കുകയും ചെയ്യും. എന്നാൽ, രാജ്യത്തെ എല്ലാ റെയിൽവേ റൂട്ടുകളിലും ഇത് സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെയായി.

  • നെറ്റ്വര്‍ക്ക് മോണിറ്ററിങ് സിസ്റ്റം വഴി ട്രെയിന്‍ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കും
  • ഒരേ പാതയില്‍ വരുന്ന ലോക്കോ പൈലറ്റുള്ളതോ ഇല്ലാത്തതോ ആയ ട്രെയിനുകളുടെ കൂട്ടിയിടി കവച് സിഗ്‌നലിന്റെ പ്രവര്‍ത്തനം വഴി ഇല്ലാതാക്കും
  • അതിവേഗത്തെ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് സ്വമേധയാ നിയന്ത്രിക്കും
  • ലെവല്‍ ക്രോസ് ഗേറ്റുകള്‍ക്ക് സമീപമെത്തുമ്പോള്‍ ഓട്ടോ വിസിലിങ്
  • അത്യാഹിത സമയങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന സന്ദേശം നല്‍കും

അപകടമുണ്ടായ ബാലസോറിലെ റൂട്ടില്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നുവെന്ന് റെയിൽവേ വക്താവ് അന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ റെയിൽവേയുടെ മൊത്തം റൂട്ടുകളിൽ രണ്ട് ശതമാനം റൂട്ടുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളതെന്നാണ് 2023 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് സൗത്ത്-സെന്‍ട്രല്‍ റെയില്‍വേ സോണില്‍ മാത്രമാണ് കവച് സംവിധാനമുള്ളത്. 

പശ്ചിമബംഗാളിലും കവച് ഇല്ല

തിങ്കളാഴ്ച പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 9 പേരാണ് മരണപ്പെട്ടത്. ഈ റൂട്ടിലും കവച് സംവിധാനം ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് പശ്ചിമ ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചരക്കു തീവണ്ടി സി​ഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്രയാരംഭിച്ച എക്സ്പ്രസ് സിലി​ഗുരിക്ക് സമീപം രം​ഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. 

ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും സുരക്ഷ വലിയതോതിൽ ചർച്ചചെയ്യപ്പെടാറുണ്ടെങ്കിലും നടപടികൾ സ്വീകരിക്കുന്നതിലെ അലംഭാവമോ വീഴ്ചകളോ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ വഴിയൊരുക്കുന്നു. മറ്റു രാജ്യങ്ങളോട് മത്സര സ്വഭാവം പുലർത്തുന്ന സുരക്ഷാ സംവിധാനങ്ങളാണ് നിലനിൽക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സംവിധാനമുള്ള നമുക്ക് യാത്രക്കാരുടെ ജീവന്‍റെ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കുന്നില്ലെന്നത് ഒരു യാഥാർഥ്യമാണ്.

Content Highlights: How did Balasore get forgotten West Bengal accident could have been avoided