ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് വാരാണസി കോടതിയുടെ അനുമതി

വാരാണസി: ഗ്യാന്‍വാപി പള്ളിയിലെ മുദ്രവെച്ച നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. ജില്ലാ കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര്‍ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന്‍ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്
1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരാണസി ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ക്രമീകരണം ഒരുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനായി ഇരുമ്പ് വേലി ഉയര്‍ത്താനും ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡിന് തീരുമാനിക്കാം. ജില്ലാ കോടതി ഉത്തരവിന് എതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ച സാഹചര്യത്തില്‍ തടസ്സ ഹര്‍ജി നല്‍കുമെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
Content Highlights: Varanasi court allows Hindu side to offer prayers in southern cellar of Gyanvapi Mosque