ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട്: മുന്‍ സെബി മേധാവി മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീന്‍ചിറ്റ്

മാധബി പുരി ബുച്ച് | Photo: Kunal Patil/ PTI
മാധബി പുരി ബുച്ച് | Photo: Kunal Patil/ PTI

ന്യൂഡല്‍ഹി: മുന്‍ സെബി (സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീന്‍ചിറ്റ്. യുഎസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധബി പുരി ബുച്ചിനെതിരേ ഉയര്‍ന്ന പരാതികളാണ് ലോക്പാല്‍ ബുധനാഴ്ച തീര്‍പ്പാക്കിയത്. 

മുന്‍ സെബി മേധാവിക്കെതിരായ കുറ്റാരോപണങ്ങള്‍ വെറും അനുമാനങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും വ്യക്തമാക്കിയാണ് ലോക്പാല്‍ പരാതികള്‍ തള്ളിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറംഗ ലോക്പാല്‍ ബെഞ്ചാണ് മാധബി പുരി ബുച്ചിനെതിരായ പരാതികള്‍ പരിഗണിച്ചത്. 

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഫണ്ടുകളില്‍ സെബി മേധാവിയായിരുന്ന മാധബി പുരി ബുച്ചും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് യു.എസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മോയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ ലോക്പാലിന് പരാതി നല്‍കിയത്. എന്നാല്‍, ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ മാധബി പുരി ബുച്ച് നിഷേധിച്ചിരുന്നു. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും സെബിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്നും തന്നെ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്. അദാനി ഗ്രൂപ്പും ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 

Content Highlights: Hindenburg Report: Former SEBI chief Madhabi Puri Buch receives a clean chit from Lokpal