കാലിൽ വെടിയേറ്റിട്ടും തളർന്നില്ല, കിഷ്ത്വാറിൽ ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചത് ടൈസൺ എന്ന K9

#ന്യൂസ് ഡെസ്ക്
ടൈസണ്‍ | Photo : X / @theshortwaylive
ടൈസണ്‍ | Photo : X / @theshortwaylive

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരസങ്കേതത്തിലേക്ക് സൈനികർക്ക് വഴികാട്ടിയായത് ഇന്ത്യൻ സേനയുടെ നായ ടൈസൺ. ജയ്ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിച്ചതിൽ ടൈസണിന്റെ ധൈര്യവും കൂടിയാണ്.

‌ഇന്ത്യൻ സേനയുടെ 2 പാരാ (സ്പെഷ്യൽ ഫോഴ്സസ്) വിഭാഗത്തിലെ അംഗമാണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടൈസൺ, ഛാത്രൂവിലെ ദുർഘടമായ ഭൂപ്രദേശത്ത് ടൈസൺ നൂണ്ടുകയറി, ഇത് ഭീകരവാദികളെ വെടിയുതിർക്കാൻ പ്രേരിപ്പിച്ചു. കാലിൽ വെടിയേറ്റിട്ടും ടൈസൺ മുന്നോട്ട് നീങ്ങുന്നത് തുടർന്നു. ഇത് സൈനികർക്ക് ഭീകരുടെ സങ്കേതം കൃത്യമായി കണ്ടെത്താനും നിർവീര്യമാക്കാനും സഹായിച്ചു.

ജമ്മു കശ്മീർ പോലീസ്, കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് (CRPF), സ്പെഷ്യൽ ഫോഴ്സസ് എന്നിവരും ഓപ്പറേഷനിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്നതും ഏകദേശം 20 തവണ രക്ഷപ്പെട്ടതുമായ ജയ്ഷെ ഭീകരനായ സെയ്ഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരെ ഈ ഓപ്പറേഷനിൽ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എകെ-47 തോക്കുകളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ഭീകരർ വളരെക്കാലമായി ഒളിച്ച് കഴിയുകയായിരുന്നുവെന്നും ടൈസണിൻ്റെ സമയബന്ധിതമായ കണ്ടെത്തൽ സൈനികർക്ക് സ്ഥാനം ലക്ഷ്യമാക്കി ഭീകരരെ വകവരുത്താൻ സഹായിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ടൈസണിനെ ചികിത്സയ്ക്കായി വ്യോമമാർഗ്ഗം കൊണ്ടുപോയി. ടൈസൺ നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച കരസേനാ നായ്ക്കളുടെ നിർണായക പങ്ക് ടൈസണിൻ്റെ ധൈര്യം വീണ്ടും അടിവരയിട്ടു. 2024 ഒക്ടോബറിൽ നടന്ന സമാനമായ ഒരു ഓപ്പറേഷനിൽ ഫാന്റം എന്ന നായ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ തൻ്റെ ഹാൻഡ്‌ലറെയും സഹ സൈനികരെയും സംരക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ചു. ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തി വധിക്കാൻ ഫാന്റം സൈന്യത്തെ സഹായിച്ചു.

Content Highlights: Brave German Shepherd Tyson guides Indian Army to a Jaish-e-Mohammed terror hideout in Kishtwar, Jammu & Kashmir, aiding in the elimination of three terrorists. Learn about Tyson`s crucial role.